Sunday, March 25, 2012

കൊതുക് വിശേഷങ്ങള്‍

കൊതുകുകള്‍ ഭീകരന്മാരാണെന്നു പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ലോകത്ത് ഇന്നും വിവിധങ്ങളായ രോഗങ്ങള്‍ പരത്തി ജൈത്രയാത്ര തുടരുന്ന കൊതുകിനെ കുറിച്ച് ഇതാ ചില രസകരമായ വിശേഷങ്ങള്‍ :


 • ലോകത്ത് ഏതാണ്ട്  2,700 ഇനം കൊതുകുകള്‍ ഉണ്ട്. എന്നാല്‍ അവയില്‍ ചിലത് മാത്രമേ മനുഷ്യന് അപകടകരമായിട്ടുള്ളൂ.  
 • കൊതുകിന്റെ ശരാശരി ആയുസ്സ് 2 ആഴ്ച മാത്രം. പെണ്‍ കൊതുകിന്റെ ആയുസ് 3  മുതല്‍ 100  ദിവസം വരെയാണ്. ആണ്‍ കൊതുകിന്റെത് വെറും 10  മുതല്‍ 20  ദിവസം മാത്രം.  മണിക്കൂറില്‍ 1  മുതല്‍ 1 .5  മൈല്‍ വേഗത്തിലാണ് കൊതുക് പറക്കുന്നത്. 
 • ഒരു കൊതുകിന്റെ ശരാശരി ഭാരം 2 to 2.5 മില്ലിഗ്രാം ആണ്. 
 • രാത്രിയുടെ നിശബ്ദത ഭേദിച്ച് ചെവിയില്‍ മൂളിപ്പാട്ട് പാടി നമ്മെ ദേഷ്യം പിടിപ്പിക്കുന്നതു കൊതുകിന്റെ ഇഷ്ടവിനോദമാണ്. വാസ്തവത്തില്‍ കൊതുക പാട്ട് പാടുകയല്ല, ചിറകിട്ടടിക്കുകയാണ്. അതിന്റെ ശബ്ദം മൂളലായി അനുഭവപ്പെടുന്നു. ഒരു കൊതുക് സെക്കണ്ടില്‍  600  പ്രാവശ്യം അതിന്റെ ചിറകിട്ടടിക്കുന്നുണ്ട്.  കൊതുക് കുടുംബത്തില്‍ വരുന്ന  midge fly എന്ന ഷഡ്പദത്തിന്  സെകണ്ടില്‍ 1046 പ്രാവശ്യം ചിറകിട്ടടിക്കാന്‍ കഴിയും. ഓരോ വര്‍ഗ്ഗം കൊതുകിന്റെയും ചിറകടി ശബ്ദത്തിനു പ്രത്യേകതാളമാണ്. അത് തിരിച്ചറിഞ്ഞു, ആണ്‍ കൊതുക് പെണ്‍കൊതുകിലേക്ക് ആകര്ഷിക്കപെടുന്നു. 
 • ഒരു പ്രാവശ്യം 300  മുട്ടകള്‍ വരെയാണ് കൊതുകുകള്‍ ഇടുക. 
 • 20 -35 മീറ്റര്‍ അകലത്തു നില്‍ക്കുന്ന ആളെ തിരിച്ചറിയാനും മണം പിടിക്കാനും  കൊതുകിനു കഴിയും. 6 മീറ്റര്‍ അകലത്തു നില്‍ക്കുന്ന വസ്തുവിന്റെ ചലനം തിരിച്ചറിയാന്‍ കൊതുകിനു കഴിയും. ലൈറ്റ് ഓഫ് ചെയ്തു കൊതുകിനെ പറ്റിക്കാമെന്നു വിചാരിക്കേണ്ട. ഇരയുടെ ചൂടുള്ള ശരീരത്തില്‍ നിന്നും വരുന്ന ഇന്‍ഫ്ര-റെഡ് രശ്മികള്‍ തിരിച്ചറിഞ്ഞും രാസവസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കിയും അവ ഇരയെ കണ്ടു പിടിക്കുന്നു. കൂടുതലായും കാര്‍ബണ്‍ ഡയോക്സൈഡ്, ലാക്ടിക് ആസിഡ്  എന്നിവ ഉള്ളിടത്തെക്ക് ഇവ വേഗം ആകര്‍ഷിക്കപ്പെടുന്നു. കൊതുക് കടി മൂലം ദേഷ്യം പിടിച്ചു നാം കൈകാലിട്ടടിക്കുമ്പോള്‍ കൊതുകിനു കൂടുതല്‍ എളുപ്പത്തില്‍ നമ്മള്‍ എവിടെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. 
 • ഓരോ വര്‍ഷവും ലോകത്ത്  500 മില്ല്യന്‍ (50  കോടി) ആളുകള്‍ക്ക് കൊതുക് കടി മൂലം മലേറിയ (മലമ്പനി) രോഗം പിടിപെടുന്നുണ്ടത്രേ. അതില്‍ 20  ലക്ഷത്തോളം ആളുകള്‍ മരണപ്പെടുന്നുമുണ്ട്. പ്ലാസ്മോഡിയം ( Plasmodium)  എന്ന സൂക്ഷ്മജീവിയാണ് മലേറിയ രോഗം ഉണ്ടാക്കുന്നത്. ഇവയെ വഹിച്ചു കൊണ്ട് പോകുന്നത് അനോഫിലസ് കൊതുകുകളാണ്. ചരിത്രത്തില്‍ യുദ്ധവും അപകട മരണങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ പകുതിയിലേറെപേരും  മരണമടഞ്ഞത് ഈ രോഗം മൂലമാണ്!!
 • വെള്ളത്തില്‍ എണ്ണ ഒഴിച്ചാല്‍ കൊതുക് ലാര്‍വകള്‍ വേഗം ചത്തുപോകും. കാരണം എണ്ണയുടെ പാട അവയുടെ ശ്വസനത്തെ തടസ്സപെടുത്തുന്നു. 
 • പെണ്‍ കൊതുകുകള്‍ മാത്രമാണ് രക്തം കുടിക്കുക എന്നറിയാമല്ലോ. ഇതിനു കാരണം  എന്താണെന്നോ. പെണ്‍ കൊതുകുകള്‍ക്ക് അവയുടെ മുട്ടകള്‍ പാകമാകണമെങ്കില്‍ കൂടുതല്‍ മാംസ്യം (protein) ആവശ്യമാണ്‌ . രക്തത്തില്‍ കൂടുതല്‍ മാംസ്യം ഉണ്ട്. ആണ്‍ കൊതുകുകള്‍ക്ക് ഇങ്ങനെ ഒരു ആവശ്യം ഇല്ലാത്തത് കൊണ്ട് പാവം സസ്യഭുക്കുകള്‍ ആയാണ് ജീവിക്കുന്നത്. സസ്യങ്ങളിലും മറ്റും ഉള്ള നീരാണ് അവയുടെ ആഹാരം. 
 • ഒരു പെണ്‍ കൊതുക് ഒരാളെ അഞ്ചു ദശലക്ഷം തവണ കടിച്ചാല്‍ ഒരു ലിറ്റര്‍ രക്തം   നഷ്ടമാകും.
 • പൗര്‍ണമി രാവില്‍ കൊതുകുകള്‍ കൂടുതല്‍ കടിക്കുമത്രേ. എത്രത്തോളമെന്നോ, സാധാരണ കടിക്കുന്നതിനേക്കാള്‍ 500  ഇരട്ടി അളവില്‍ !!
 • കൊതുകുകള്‍ക്ക് കുട്ടികളുടെ രക്തത്തിനോടാണ് മുതിര്‍ന്നവരുടെതിനേക്കാള്‍ താല്പര്യം. അത് പോലെ വെളുത്തു സുന്ദരികളായ സ്ത്രീകളുടെ രക്തത്തിനോടും വലിയ താല്പ്പര്യമാണത്രേ.  
 • നിങ്ങള്‍ നേന്ത്രപ്പഴം കഴിക്കുകയാണോ? എങ്കില്‍ കൊതുകുകള്‍ നിങ്ങളെ തേടി വരാന്‍ കൂടുതല്‍ സാധ്യത ഉണ്ട്.  
 • കൊതുകിന്റെ ആമാശയത്തിലുള്ള ഒരു പ്രത്യേക നാഡി മുറിച്ചാല്‍ കൊതുക് തുടര്‍ച്ചയായി രക്തം കുടിക്കാന്‍ തുടങ്ങും. വയറു പൊട്ടും വരെ..!!
 • 1,120,000 കൊതുകുകള്‍ ഒരുമിച്ച് കടിച്ചാല്‍ ഒരു മനുഷ്യന്റെ മുഴുവന്‍ രക്തവും ഊറ്റി എടുക്കാന്‍ കഴിയുമത്രേ. 
 • കൊതുകുകളെ അകറ്റുവാന്‍ ഉപയോഗിക്കുന്ന repellents യഥാര്‍ഥത്തില്‍ ചെയ്യുന്നത് നമ്മെ കൊതുകില്‍ നിന്നും ഒളിപ്പിക്കുകയാണ്. ഈ രാസവസ്തുവിന്റെ സാന്നിധ്യം മൂലം നാം എവിടെയാണെന്ന് കൊതുകിനു മനസ്സിലാകാതെ പോകുന്നു.
 • നീല നിറമുള്ള വെളിച്ചത്തിലേക്കും വസ്തുക്കളിലെക്കും മറ്റു നിറങ്ങളുടെതിനേക്കാള്‍ ഇരട്ടിയില്‍ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടും. 
 • കൊതുകിന്റെ രക്തം കുടിക്കാനുള്ള അവയവങ്ങള്‍ ഒരു സാധാരണ സിറിഞ്ച് പോലെയല്ല. കടിക്കുന്ന സമയത്ത് അവയുടെ ഉമിനീര്‍ ഒരു പ്രത്യേക കുഴലിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടത്തി വിടുന്നു. എന്നാല്‍ രക്തം വലിച്ചെടുക്കുന്നത് വേറൊരു കുഴല്‍ ഉപയോഗിച്ചാണ്.
 • ഒരു മഹാഭാഗ്യത്തെ കുറിച്ച് കേള്‍ക്കണോ? എയിഡ്സ് പരത്താനുള്ള ശേഷി കൊതുകിനില്ല. കൊതുകുകള്‍ രക്തം കുടിക്കുമ്പോള്‍ എയിഡ്സ് വ്യാപിപ്പിക്കാന്‍ കഴിയുന്ന അളവില്‍ HIV യെ സ്വീകരിക്കുന്നില്ല. അത് കൊണ്ട് കൊതുക് കടിയിലൂടെ എയിഡ്സ് പകരുകയില്ല. എയിഡ്സ് ഇല്ലാത്ത ഒരാള്‍ക്ക്‌ കൊതുക് കടിയിലൂടെ ആ രോഗം വരണമെങ്കില്‍ രോഗിയെ കടിച്ച 10  ദശലക്ഷം കൊതുകുകള്‍ കടിക്കെണ്ടതുണ്ട്. എങ്കിലേ രോഗം വരുത്താന്‍ മാത്രം അളവിലുള്ള HIV  അയാളില്‍ എത്തൂ. 
 • കൊതുകുകള്‍ അവയുടെ ജീവിത കാലത്ത് ഏകദേശം 150 മൈല്‍ ദൂരം പറന്നിരിക്കും.  സാള്‍ട്ട് മാര്‍ഷ് എന്നയിനം കൊതുകുകള്‍ 75 to 100 മൈല്‍ ദൂരം ദേശാടനം നടത്തുന്നു.
 • ഓരോ ആയിരം കൊതുകുകളിലും ഒരു പെണ്‍ കൊതുക് മാരകമായ ഒരു രോഗത്തിന്റെ അണുക്കളെ വഹിക്കുന്നുണ്ടത്രേ. 

1 comment:

ഇനി നിങ്ങളുടെ ഊഴം