Friday, May 4, 2012

അറിവ്, അധ്യാപനം: പ്രവാചകന്റെ മൊഴിമുത്തുകള്‍


വായിക്കുക എന്ന ദൈവത്തിന്റെ കല്പ്പനയോടെയാണ് ഖുര്‍ആന്റെ അവതരണം തുടങ്ങുന്നത്. തൂലിക കൊണ്ട് പഠിപ്പിച്ച നാഥന്‍ എന്ന് അല്ലാഹു സ്വയം വിശേഷിപ്പിക്കുന്നു. ദൈവനാമത്തിലുള്ള വായനയും എഴുത്തും പഠനവുമാണ് ഇസ്ലാം മനുഷ്യനോടു ആവശ്യപ്പെടുന്നത്. ഇതിനര്‍ത്ഥം പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് 'ദൈവനാമത്തില്‍ ' എന്ന് ഉരുവിട്ടാല്‍ മാത്രം മതി എന്നല്ല.


മനുഷ്യന്‍ കണ്ടെത്തുന്ന ഓരോ പുതിയ കാര്യങ്ങളും ദൈവഹിതത്തിനനുസരിച്ചേ പ്രയോഗിക്കാവൂ എന്ന സുപ്രധാനമായ വശമാണ് അതിനുള്ളത്. അതില്ലാതെ പോയതാണ് ഇന്നത്തെ ശാസ്ത്രത്തിന്റെ ക്രൂരമായ മുഖം വെളിപ്പെടാന്‍ കാരണമായത്.

ജ്ഞാനസമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ചില പ്രവാചക വചനങ്ങള്‍ വായിക്കുക:
 • "വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്‌. അതിനാല്‍ അതെവിടെ കണ്ടാലും അതില്‍ അവന്‌ കൂടുതല്‍ അവകാശമുണ്ട് . (തിര്‍മിദി) 
 • "വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാകുന്നു". (തിര്‍മിദി) 
 • "ജ്ഞാനസമ്പാദനം എല്ലാ മുസ്ലിംകളുടേയും ബാധ്യതയാണ് (ബൈഹഖി)
 • "വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന്‌ വിരമിക്കുന്നതുവരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാണ് . (തിര്‍മിദി) 
 • "വിജ്ഞാനം ഉയര്‍ത്തപ്പെടുക, അജ്ഞത വ്യാപിച്ചു പ്രകടമാവുക, വ്യഭിചാരം സാര്‍വത്രികമാകുക, ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുക, പുരുഷന്മാരുടെ എണ്ണം കുറയുക, സ്ത്രീകള്‍ അധികരിക്കുക, അവസാനം അമ്പത് സ്ത്രീകള്‍ക്ക് ഒരു കൈകാര്യകര്‍ത്താവ്, ഇതെല്ലാം അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്" (മുസ്ലിം)
 "കാലം കുറഞ്ഞു കുറഞ്ഞു വരും, വിജ്ഞാനം പിടിച്ചു വെക്കപ്പെടും, ഫിത്ന വ്യാപകമായി പ്രത്യക്ഷപ്പെടും, ലുബ്ധ് മനസ്സുകളില്‍ ഇടപെടും, കൊല വര്‍ധിക്കും" (മുസ്ലിം) 
 • അബ്ദുല്ലാഹിബ്‌നു അമൃ(റ) നിവേദനം: തിരുമേനി(സ) അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അല്ലാഹു ജ്ഞാനത്തെ ഒറ്റയടിക്ക്‌ മനുഷ്യരില്‍ നിന്ന്‌ ഊരിയെടുക്കുകയില്ല. എന്നാല്‍ പണ്ഡിതന്‍മാരുടെ മരണം മുഖേന വിദ്യയെ അല്ലാഹു മനുഷ്യരില്‍ നിന്ന്‌ ക്രമേണയായി പിടിച്ചെടുക്കും. അവസാനം ഭൂമുഖത്തു ഒരു പണ്ഡിതനും അവശേഷിക്കാത്ത ഘട്ടം വരുമ്പോള്‍ ചില മൂഢന്‍മാരെ മനുഷ്യര്‍ നേതാക്കളാക്കി വെക്കും. എന്നിട്ടു അവരോട്‌ മതകാര്യങ്ങള്‍ ചോദിക്കുകയും അപ്പോള്‍ അവര്‍ അറിവില്ലാതെ വിധികൊടുക്കുകയും അവസാനം അവര്‍ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും. (ബുഖാരി. 1. 3. 100)
 • "പ്രതാപിയും മഹാനുമായ അള്ളാഹു വിജ്ഞാനത്തെ ജനങ്ങളില്‍ നിന്ന് ഒറ്റയടിക്ക്‌ പിടിച്ചെടുക്കുകയില്ല. മരിച്ചു പണ്ഡിതന്മാരുടെ വിയോഗം കൊണ്ടാണ് വിജ്ഞാനത്തെ തിരിച്ചു പിടിക്കുക. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ വിഡ്ഢികളെ നേതാക്കളാക്കും. പ്രശ്നങ്ങളില്‍ അവരോടു മതവിധി തേടും. വിവരമില്ലാതെ അവര്‍ ഫത്‌വ ഇറക്കും. അങ്ങനെ അവര്‍ സ്വയം വഴികെടിലാവുകയും മറ്റുള്ളവരെ വഴികേടിലാക്കുകയും ചെയ്യും." (മുസ്ലിം)
 
 • "രണ്ടു പേരുടെ കാര്യത്തില്‍ മാത്രമേ അസൂയ പാടുള്ളൂ. ഒന്ന്: അള്ളാഹു തനിക്ക്‌ നല്‍കിയ ധനം സത്യമാര്‍ഗത്തില്‍ ചെലവഴിക്കാന്‍ സാധിക്കുന്നവന്‍ . രണ്ട്: അള്ളാഹു നല്‍കിയ ജ്ഞാനം ഉപയോഗപ്പെടുത്തി വിധി നടത്തുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നുവന്‍ ." (ബുഖാരി)
 • "കേട്ടറിവ് , കണ്ടറിവ് പോലെയല്ല."
 • "യോഗ്യന് അറിവ് യോഗ്യത കൂട്ടുന്നു"
 • "മനുഷ്യൻ മരിച്ചാൽ മൂന്നെണ്ണമൊഴികെ അവന്റെ (മുഴുവൻ) കർമ്മങ്ങളും മുറിഞ്ഞു പോകുന്നതാണ് - തുടർന്നു പോകുന്ന ദാനം, ഉപകാരം ലഭിക്കുന്ന ജ്ഞാനം, അവനു വേണ്ടി പ്രാർത്ഥിക്കുന്ന നല്ല സന്താനം." (മുസ്‌ലിം) 
 • "വിജ്ഞാന സമ്പാദനത്തിനായി ഒരാൾ ഒരു വഴിക്കിറങ്ങിയാൾ അതു നിമിത്തം അവന്‌ അല്ലാഹു സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. ഒരാളുടെ കർമ്മം അയാളെ പിന്നിലാക്കിയാൽ അവന്റെ തറവാട്ടു മഹിമ അവനെ മുന്നിലെത്തിക്കുകയില്ല." (അബൂ ദാവൂദ് ) 
 • സാലിം നിവേദനം: അബൂഹുറൈറ(റ) നബി(സ) യില്‍ നിന്ന്‌ ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. തിരുമേനി(സ) അരുളി: ജ്ഞാനം ജനങ്ങളില്‍ നിന്ന്‌ നഷ്ടപ്പെടും. അജ്ഞതയും കുഴപ്പങ്ങളും പ്രത്യക്ഷപ്പെടും. ഹറജ്‌ വര്‍ദ്ധിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! എന്താണ്‌ ഹറജ്‌? നബി(സ) കൈ അനക്കിയിട്ട്‌ ഇങ്ങനെ ആംഗ്യം കാണിച്ചു. അത്‌ കണ്ടപ്പോള്‍ തിരുമേനി കൊലയെയാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ തോന്നി. (ബുഖാരി. 1. 3. 85)
 • "ആയിരം ഭക്തന്മാരേക്കാൾ ഒരു പണ്ഡിതനോടാണ്‌ പിശാചിന്‌ കൂടുതൽ പ്രയാസപ്പെടേണ്ടി വരുന്നത്‌ " (തിർമുദി)
 • "ഉപകാരം ലഭിക്കുന്ന വിജ്ഞാനത്തിനായി നിങ്ങൾ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുക. ഒരുപകാരവും ലഭിക്കാത്ത വിജ്ഞാനത്തിൽ നിന്നും നിങ്ങൾ അല്ലാഹുവിനോട്‌ അഭയം തേടുകയും ചെയ്യുക." (ഇബ്നു മാജ:)
 • "അല്ലാഹു ഒരാൾക്ക്‌ ഏറ്റവു നല്ലത്‌ വരുത്തണമെന്ന് ഉദ്ദേശിച്ചാൽ അവനെ മത പണ്ഡിതനാക്കും. ഞാൻ വീതം വെക്കുന്നവൻ മാത്രം. കൊടുക്കുന്നവൻ അല്ലാഹുവാകുന്നു. അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ ഉത്തരവു വരുന്നതു വരേ, ഈ സമുദായം അല്ലാഹുവിന്റെ ആദർശം സംരക്ഷിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിന്റെ കൽപ്പന വരുന്നതു വരേ എതിരാളികൾക്ക്‌ അവരെ ഒന്നും ചെയ്യാൻ കഴിയില്ല." (ബുഖാരി)
 • "ഭൂമിയിൽ പണ്ഡിതന്മാരുടെ ഉപമ 'കരയിലും കടലിലും ഇരുട്ടിൽ വഴികാണിക്കുന്ന ആകാശത്തിലെ നക്ഷത്രങ്ങളെ' പോലെയാണ്‌. നക്ഷത്രങ്ങൾ മാഞ്ഞു പോയാൽ പഥികർ വഴി പിഴച്ചു പോകാൻ സാധ്യതയുണ്ട്‌". (അഹ്‌മദ് )
 • അല്ലാഹുവും അവന്റെ മലക്കുകളും ആകാശഭൂമികളില്‍ ഉള്ളവരും മാളങ്ങളിലെ ഉറുമ്പുകളും മത്സ്യങ്ങളും വരെ ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ചുകൊടുക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. (തിര്‍മുദി, [കിതാബുല്‍ ഇല്‍മ്]- ഹസനായ ഹദീസ്)
 • രണ്ടാളെ കുറിച്ച് മാത്രമേ അസൂയ പാടുള്ളൂ. അല്ലാഹു നല്‍കിയ സമ്പത്ത് സത്യമാര്‍ഗത്തില്‍ മാത്രം ചെലവഴിക്കുന്നയാള്‍, അല്ലാഹു നല്‍കിയ വിജ്ഞാനമനുസരിച്ച് വിധിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നയാള്‍." (ബുഖാരി, മുസ്ലിം)
 • വിദ്യയനുസരിച്ച് തന്റെ സഹോദരന് അത് പഠിപ്പിക്കുന്നതാണ് ഏറ്റവും ശ്രേഷ്ടമായ ദാനധര്‍മം." (ഇബ്നു മാജ- ഹസനായ ഹദീസ്)
 •  "ഒരു നല്ല കാര്യം അറിയിച്ചുകൊടുക്കുന്നവനു അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെതിനു തുല്യമായ പ്രതിഫലമുണ്ട്." (മുസ്ലിം, അബൂദാവൂദ്, തിര്‍മുദി)
 • "തീര്‍ച്ചയായും അല്ലാഹു എന്നെ ആളുകളെ പ്രയാസപ്പെടുത്തുന്നവനായിട്ടല്ല നിയോഗിച്ചിട്ടുള്ളത്, പ്രത്യുത, എളുപ്പമുണ്ടാക്കുന്ന അധ്യാപകനായാണ്." (മുസ്ലിം, അഹ്മദ്, നസാഈ)
 • "നിങ്ങള്‍ പഠിപ്പിക്കുക, എളുപ്പമുണ്ടാക്കുക, പ്രയാസമുണ്ടാക്കാതിരിക്കുക, സന്തോഷം നല്‍കുക, വെറുപ്പിക്കാതിരിക്കുക, ദേഷ്യം വന്നാല്‍ മൗനം ഭജിക്കുക." (അഹ്മദ്, ബുഖാരി)

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം