Thursday, May 10, 2012

നിരാകരിക്കപ്പെടുന്ന ലളിത സത്യങ്ങള്‍
സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തന്നെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന  ചില ലളിതസത്യങ്ങള്‍ . പക്ഷെ സ്വാര്‍ത്ഥ താല്പ്പര്യങ്ങളുടെയോ കുപ്രചരണങ്ങളുടെയോ മറവില്‍ ഇവ അവഗണിക്കപ്പെടുന്നു.

1. പഞ്ചേന്ദ്രിയങ്ങള്‍ക്ക് വഴങ്ങുന്നതെന്തോ അതാണ്‌ ശാസ്ത്രത്തിന്റെ മേഖല. അത് വെച്ച് ദൈവം ഇല്ലെന്നു തറപ്പിച്ചു പറയാന്‍ ആര്‍ക്കും സാധ്യമല്ല. നന്നേ കവിഞ്ഞാല്‍ ഒരു യുക്തിവാദി പോലും പറയേണ്ടത് ദൈവം ഉണ്ടോ ഇല്ലേ എന്ന് അറിഞ്ഞു കൂടെന്നാണ്. 
2. കടുത്ത ശിക്ഷകള്‍ (വധശിക്ഷയടക്കം) നല്‍കിയാലേ സമൂഹത്തില്‍ നിന്നും കുറ്റ കൃത്യങ്ങള്‍ തുടച്ചു നീക്കാന്‍ കഴിയൂ. കുറ്റവാളിയുടെ മന:ശാസ്ത്രം നോക്കുന്നവര്‍ സമൂഹത്തിന്റെ സുരക്ഷയെ കുറിച്ചോ ഇരകളുടെ വികാരത്തെ കുറിച്ചോ ചിന്തിക്കുന്നില്ല. എന്നിട്ടും വധശിക്ഷ ഒഴിവാക്കണമെന്ന് മുറവിളി കൂട്ടുകയാണവര്‍ . 
3. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് വസ്ത്രധാരണ രീതി ഒരു കാരണം തന്നെയാണ്. എത്ര അനുഭവിച്ചാലും അതംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കുകയില്ല  എന്നത് വേറെ കാര്യം. 
4. മതമല്ല, മതത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്ന ഇരുട്ടിന്റെ ശക്തികളാണ് കുഴപ്പം ഉണ്ടാക്കുന്നത്. എന്നിട്ടും മതത്തെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതരമേഖലകളില്‍ നടക്കുന്നതിന്റെ എത്രയോ കുറവാണ് മതത്തിന്റെ പേരില്‍ നടക്കുന്ന ഹത്യകള്‍ . ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍  തന്നെ ഉദാഹരണം. 
5. ഊഹത്തിലും ഭാവനയിലും അധിഷ്ടിതമാണ് പരിണാമ സിദ്ധാന്തം. അഥവാ അതൊരു തെളിയിക്കപ്പെട്ട സത്യമല്ല. എന്നിട്ടും പഠിപ്പിക്കപെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും അതൊരു യാഥാര്‍ത്ഥ്യം ആണെന്നാണ്‌. 
6. സമ്പൂര്‍ണ സ്ത്രീ പുരുഷ സമത്വം എന്നത് പ്രായോഗികമല്ല. ഇരു കൂട്ടരുടെയും ശരീരപ്രകൃതിയും മാനസിക ഘടനയും വ്യത്യസ്തമാണ്. ഈ സത്യം അറിഞ്ഞു കൊണ്ട് നിഷേധിക്കുന്നവരാണ് പലരും. തുല്യനീതി നല്‍കുക എന്നതേ പ്രായോഗികമാവൂ. 
7. ഈ ഭൂമിയില്‍ സമ്പൂര്‍ണ നീതി നടപ്പില്‍ വരുത്താന്‍ കഴിയില്ല. എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. നന്മ ചെയ്തവന് ദുരിതവും തിന്മ ചെയ്തവന് സുഖലഹരിയും മാത്രം വരുമ്പോള്‍ നീതിയുടെ ഒരു ലോകം വേണമെന്ന് യുക്തി ആവശ്യപ്പെടുന്നു. എന്നാല്‍ അങ്ങനെ ചിന്തിക്കുന്നവന്‍ വിഡ്ഢിയും പരലോകം ഇല്ലെന്നു പറയുന്നവന്‍ യുക്തിവാദിയും ആണെന്നാണ്‌ പുരോഗമനം ചമയുന്നവരുടെ നിലപാട്. 
8. അനിവാര്യഘട്ടങ്ങളിലുള്ള ബഹുഭാര്യത്വം സ്വീകാര്യവും അതേ സമയം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന വ്യഭിചാരം എതിര്‍ക്കപ്പെടെണ്ടതുമാണ്. എന്നാല്‍ സമൂഹം നേരെ തിരിച്ചാണ് ചെയ്യുന്നത്. 
9. കാലം എത്ര പുരോഗമിച്ചാലും എത്ര സാങ്കേതികവിദ്യകള്‍ വന്നാലും മനുഷ്യന്റെ അടിസ്ഥാന സ്വഭാവം മാറുന്നില്ല. കൃത്യമായ സന്‍മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ശാസ്ത്രമല്ല മതങ്ങള്‍ തന്നെയാണ് വേണ്ടത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണോ ആറാം നൂറ്റാണ്ടിലെ മതവുമായി വരുന്നതെന്ന് ചോദിക്കുന്നവര്‍ അവഗണിക്കുന്ന വിഷയമാണ് ഇത്. 
10. മനുഷ്യ നിര്‍മിത വ്യവസ്ഥകള്‍ക്ക് ഒരിക്കലും സംപൂര്‍ണത വരില്ല. കാരണം എത്ര വലിയ മഹാന്‍ ഉണ്ടാക്കിയതായാലും അയാളുടെ മാനുഷികമായ ദൌര്‍ബല്യങ്ങളും അറിവില്ലായ്മയും അതില്‍ മുഴചു കാണും. ശാശ്വതവും സമ്പൂര്‍ണവുമായ വ്യവസ്ഥ കൊണ്ടുവരാന്‍ മനുഷ്യനല്ലാത്ത എന്നാല്‍ മനുഷ്യന്റെ സകല സ്വഭാവവും അറിയുന്ന ത്രികാലജ്ഞനായ ഒരു ശക്തിക്ക് മാത്രമേ കഴിയൂ. അതാണ്‌ ദൈവം തമ്പുരാന്‍.   

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം