Tuesday, April 23, 2013

യുക്തിവാദം - വൈരുദ്ധ്യങ്ങളുടെ കലവറ

കൃത്യവും വ്യക്തവുമായ ആദര്‍ശാടിത്തറ ഇല്ലാത്തതും നിരവധി വൈരുധ്യങ്ങള്‍ പേറി നടക്കുന്നതുമായ ഒരു ആശയമാണ് നിരീശ്വരവാദത്തിലധിഷ്ടിതമായ യുക്തിവാദം. ദൈവപരമോ മതപരമോ ആയ എന്തിനെയും ശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞു അടച്ചാക്ഷേപിക്കുക എന്നതില്‍ കവിഞ്ഞു നിര്‍മാണാത്മകമായ നിര്‍ദ്ദേശങ്ങളോ വ്യവസ്ഥയോ ഒന്നും തന്നെ ആ ആശയത്തിലില്ല. അത് കൊണ്ടുതന്നെ അവരുടെ ആശയങ്ങളില്‍ നിരവധി വൈരുധ്യങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണല്ലോ. അത്തരം ചില വൈരുധ്യങ്ങള്‍ പരിശോധിക്കുകയാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. 

1.  ദൈവമില്ല, എന്നാല്‍ പരിണാമം ഉണ്ട് !

ദൈവാസ്തിത്വം നിഷേധിക്കുവാന്‍ യുക്തിവാദികള്‍ പറയുന്ന ന്യായം എന്താണ്? ദൈവം എന്ന ശക്തിയെ ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ ചെയ്തിട്ടില്ല. അഥവാ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അങ്ങനെയൊരു അസ്തിത്വത്തെ തെളിയിക്കാന്‍ കഴിയില്ല എന്ന്. 
എന്നാല്‍ ഇതേ ന്യായം സ്ഥൂലപരിണാമത്തിനും ബാധകമാണ്. ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കുകയോ ചെയ്ത ഒന്നല്ല സ്ഥൂലപരിണാമം. എന്നിട്ടും ഇവര്‍ എന്ത് കൊണ്ട് ആ സിദ്ധാന്തം തള്ളുന്നില്ല? എന്നല്ല, അതിനെ ശക്തമായി പിന്തുണക്കുകയും തെളിയിക്കപ്പെട്ട സത്യം എന്ന വ്യാജേന പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. 
വ്യക്തമായ ഈ ഇരട്ടത്താപ്പ് കാണിക്കുവാന്‍ യുക്തിവാദികള്‍ നിര്‍ബന്ധിതരാവുന്നതിനു കാരണമുണ്ട്. ഈ സിദ്ധാന്തത്തെ അന്ധമായി പുല്‍കിയില്ലെങ്കില്‍ വിശ്വാസികളില്‍ നിന്നും ഇന്ന് ഉയരുന്നതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരും. അതിനു മറുപടി പറയാന്‍ അവരുടെ പക്കല്‍ ഒന്നും ഉണ്ടാവില്ല. (പരിണാമത്തെ പുല്‍കിയപ്പോള്‍ അതിന്റെ അടിത്തറയെ ദുര്‍ബലമാക്കുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ക്കുകയാണ് യുക്തിവാദികള്‍ എന്നത് വേറെ കാര്യം).
ചില ഊഹങ്ങളും വ്യാഖ്യാനങ്ങളും കൊണ്ട് മാത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒന്നത്രേ പരിണാമസിദ്ധാന്തം. ഊഹങ്ങള്‍ തെളിവാണെങ്കില്‍ ദൈവാസ്തിത്വം തെളിയിക്കാനും വിശ്വാസികളുടെ പക്കല്‍ ഇതിനേക്കാള്‍ മികച്ച ശാസ്ത്രീയമായ ഊഹങ്ങളും യുക്തിയുമുണ്ട്.  (ദൈവവിശ്വാസിയാകാന്‍ 10 കാരണങ്ങള്‍ എന്ന പോസ്റ്റ്‌ കാണുക). 

2.  ദൈവം അനാദിയായിക്കൂടാ. എന്നാല്‍ പ്രപഞ്ചം അനാദിയാണ് !

ഒരു മനുഷ്യന് സാമാന്യയുക്തി കൊണ്ട് തന്നെ ബോധ്യമാവുന്ന വസ്തുതയാണ് അതിനു പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ടെന്നത്. പക്ഷെ ഈ പരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത യുക്തിവാദി ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്: 
"നിങ്ങള്‍ പറയുന്ന ആ ദൈവത്തെ സൃഷ്ടിച്ചത് ആരാണ്?" 
ഇതിനു വിശ്വാസികള്‍ വളരെ കൃത്യമായ മറുപടി നല്കിയിട്ടുണ്ട്. അതില്‍ ഒന്നാണ് ദൈവം അനാദിയാണ്, അവന്‍ സൃഷ്ടിക്കപ്പെട്ടതല്ല എന്ന്. ഈ മറുപടി നിരീശ്വരവാദികള്‍ വളരെ പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് സ്വീകരിക്കാറ്. ദൈവം അനാദിയാണ് എന്നത് അവരുടെ യുക്തിക്ക് വഴങ്ങുന്നില്ലത്രേ. 

എന്നാല്‍ യുക്തിവാദികളോട് നാം ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നു:
"പ്രപഞ്ചം ദൈവം സൃഷ്ടിച്ചതല്ലെങ്കില്‍ പിന്നെ അതെങ്ങനെ ഉണ്ടായി?"
ഇതിനു കിട്ടുന്ന മറുപടി ഏറെ രസകരവും വിചിത്രവുമാണ്: 
"പ്രപഞ്ചം അനാദിയാണ്. അതിനു തുടക്കമില്ല!!" 
പദാര്‍ത്ഥത്തിനു അനാദി എന്ന ഗുണം നല്‍കുന്നതില്‍ ഒരു യുക്തികേടും അവര്‍ കാണുന്നില്ല. പദാര്‍ഥാതീതനായ ദൈവം അനാദിയാവുന്നത് യുക്തിക്കെതിരും!! എന്ത് കൊണ്ട് ഈ ഗതികേട്? കാര്യം ലളിതം. ദൈവത്തെ ഇല്ലായ്മ ചെയ്യണമെങ്കില്‍ അവര്‍ ഇങ്ങനെ പറഞ്ഞെ പറ്റൂ.

3.  തീപ്പെട്ടിക്കൊള്ളിക്ക് പിന്നില്‍ സ്രഷ്ടാവ് ഉണ്ടെന്നു പറയുന്നത് യുക്തിപൂര്‍വകം. എന്നാല്‍ പ്രപഞ്ചത്തിനു പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ടെന്നു പറയുന്നത്‌ യുക്തിവിരുദ്ധം.

ഒരു തീപ്പെട്ടിക്കൊള്ളി കാണിച്ചു ഇത് ഏറെ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സ്വയം രൂപപ്പെട്ടതാണെന്നും അതിനു പിന്നില്‍ മനുഷ്യകരം പ്രവര്‍ത്തിച്ചിട്ടില്ല എന്നും പറഞ്ഞുനോക്കൂ. ഉടനെ അവരിലെ യുക്തിബോധം ഉണരുകയായി. തീപ്പെട്ടിക്കൊള്ളി സ്വയം രൂപപ്പെടില്ലന്നും അതിനു പിന്നില്‍ മനുഷ്യന്റെ പ്രവര്‍ത്തനം ഉണ്ടെന്നും അയാള്‍ ധീരമായി വാദിക്കും. 
എന്നാല്‍ ഈ യുക്തിബോധം പ്രപഞ്ചസൃഷ്ടിപ്പിന്റെ കാര്യത്തില്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് വിചിത്രമായി തോന്നുന്നില്ലേ?
മനുഷ്യന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമെത്രയോ അധികം സങ്കീര്‍ണമാണ് പ്രപഞ്ചം. ആ പ്രപഞ്ചത്തെ രൂപപ്പെടുത്തിയ ആറ്റങ്ങളെ കുറിച്ച് പോലും പഠിക്കുന്തോറും മനുഷ്യന് തന്റെ അറിവില്ലായ്മയുടെ ആഴം ബോധ്യമാവുകയാണ്. അത് സ്വയം ഉണ്ടായതല്ല, മറിച്ചു അതിനു പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ടെന്ന വസ്തുത ആര്‍ക്കും എളുപ്പം മനസ്സിലാക്കാം. പക്ഷെ അഹങ്കാരം മൂലം ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ യുക്തിവാദികള്‍ സന്നദ്ധരല്ല. 

4.  പര്‍ദ്ദയും മുസ്ലിംകളുടെ ശിരോവസ്ത്രവും പാടില്ല.  കന്യാസ്ത്രീ വേഷം, സിഖ് വേഷം, കോട്ട്, സ്യൂട്ട്  തുടങ്ങിയവയൊന്നും പ്രശ്നമല്ല.

അണുബോംബിനേക്കാള്‍ മാരകമായ ഒരു വസ്തുവാണ് യുക്തിവാദികളുടെ കണ്ണില്‍ പര്‍ദ്ദ. അവരുടെ പ്രതികരണങ്ങളുടെ രീതി അതാണ്‌ സൂചിപ്പിക്കുന്നത്. പര്‍ദ്ദക്കെതിരില്‍ ഇവര്‍ എഴുന്നള്ളിക്കാറുള്ള 'ന്യായങ്ങള്‍' ഏതൊക്കെ എന്ന് ആദ്യം നോക്കാം:
 • പര്‍ദ്ദ സ്ത്രീ സ്വാതന്ത്ര്യത്തിനു എതിരാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനു അത് തടസ്സമാണ്. പര്‍ദ്ദ സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. 
 • അത് സമൂഹത്തില്‍ അപരിചിതത്വം സൃഷ്ടിക്കുന്നു. 
 • കാലാവസ്ഥക്ക് അനുയോജ്യമല്ല. ഭയങ്കര ചൂടും പുകചിലുമാണ്. 
 • വിറ്റാമിന്‍ D യുടെ അപര്യാപ്തത ഉണ്ടാക്കും. 
ഈ നാല് വാദങ്ങളും ദുര്‍ബലവും കളവുമാണ്. ചിലത് വെറും ആരോപണവും പരിഹാസ്യവുമാണ്. ഈ ന്യായങ്ങള്‍ ശരിയാണ് എന്ന് വാദത്തിനു സമ്മതിക്കുക. എങ്കില്‍ കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിനും സിഖുകാര്‍ ധരിക്കുന്ന വേഷത്തിനും ഇവ ബാധകമാണ്. കാലാവസ്ഥ, ചൂട്, പുകച്ചില്‍, വിറ്റാമിന്‍ D പ്രശ്നങ്ങള്‍ പര്‍ദ്ദക്ക്‌ ഉണ്ടെങ്കില്‍ മേല്‍ പറഞ്ഞ വസ്ത്രങ്ങള്‍ക്ക് പുറമേ കോട്ടിന്റെയും സ്യൂട്ടിന്റെയും കാര്യത്തിലും ഉണ്ടാവേണ്ടതല്ലേ? എന്നാല്‍ ഇവരാരും തന്നെ അതിനെ വിമര്‍ശിക്കുന്നത് കാണാറില്ല. ഇസ്ലാമിനെ എങ്ങനെയെങ്കിലും കരിവാരിത്തേക്കാന്‍ വല്ല പഴുതുമുണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്നവര്‍ക്ക് അതിലൊന്നും ഒരു താല്‍പ്പര്യവും കാണില്ല. (ഇസ്ലാമിലെ സ്ത്രീ: 10 ചോദ്യങ്ങള്‍ എന്ന പോസ്റ്റില്‍ ഇവരുടെ വാദഗതികള്‍ക്കുള്ള മറുപടി കാണാം).

പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് മേല്‍പ്പറഞ്ഞ പ്രയാസങ്ങള്‍ തങ്ങള്‍ക്കില്ലെന്നു സ്ത്രീകള്‍ പറഞ്ഞാലും 'അല്ല, നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടെന്നു' പറയുന്ന യുക്തിവാദ നിലപാട് ചിരിയുണര്‍ത്തുന്നു. രോഗി മരിച്ചെന്നു ഡോക്റ്ററും താന്‍ മരിച്ചിട്ടില്ലെന്ന് രോഗിയും പറഞ്ഞപ്പോള്‍ രോഗിയുടെ ഭാര്യ വലിയ ഡിഗ്രികള്‍ ഉള്ള ഡോക്റ്റര്‍ പറഞ്ഞത് സ്വീകരിക്കുകയും വെറും നാലാം ക്ലാസ്സുകാരനായ രോഗിയായ ഭര്‍ത്താവ് പറഞ്ഞത് തള്ളുകയും ചെയ്ത കഥയെ ഇത് അനുസ്മരിപ്പിക്കുന്നു.

സ്കൂളുകളില്‍ പെണ്കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുകയും അത്തരം കുട്ടികളെ നിഷ്കരുണം പറഞ്ഞു വിടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ നാം കേള്‍ക്കാറുണ്ടല്ലോ. ഈ വിഷയത്തില്‍ തീവ്രയുക്തിവാദികള്‍ ആ പ്രവൃത്തിയെ പിന്താങ്ങുന്ന നിലപാടാണ് സ്വീകരിച്ചു കാണാറുള്ളത്‌. സ്കൂളിലെ യൂണിഫോം എന്ന സമ്പ്രദായത്തിന്‌ ശിരോവസ്ത്രം തടസ്സമാണ് എന്നതാണ് ഇതിനുള്ള ഒരു ന്യായം. എന്നാല്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ യൂണിഫോമിനു സിഖ് വേഷം തടസ്സമാണ് എന്ന് ഇക്കൂട്ടര്‍ എന്നെങ്കിലും വാദിച്ചിട്ടുണ്ടോ? അതോ മുസ്ലിംകളുടെ കാര്യത്തില്‍ മാത്രം ഇത് നോക്കിയാല്‍ മതി എന്നാണോ?  

5.  മതം പറയുന്ന ധാര്‍മികസദാചാര മൂല്യങ്ങള്‍ യുക്തിക്കെതിരായതിനാല്‍  എതിര്‍ക്കപ്പെടണം. അഗമ്യഗമനം, മൃഗഭോഗം തുടങ്ങിയവ  യുക്തിക്കെതിരല്ലെങ്കിലും സ്വീകരിക്കരുത് !

എല്ലാ വിഷയങ്ങളിലും യുക്തിയെ അടിസ്ഥാനമായി കാണുന്ന നിരീശ്വരവാദികള്‍ക്ക് ധാര്‍മികസദാചാര മൂല്യങ്ങള്‍ ഒരു ചോദ്യചിഹ്നമാണ്. താന്‍ ഇഷ്ടമുള്ള സ്ത്രീകളുമായി ഇഷ്ടമുള്ള രീതിയില്‍ ലൈംഗികബന്ധം നടത്തും, മതത്തിന് അതിലെന്തു കാര്യം എന്ന് ചോദിക്കുന്നവരാണ്‌ തീവ്രയുക്തിവാദികള്‍. ഉഭയസമ്മതപ്രകാരം സ്ത്രീ പുരുഷന്മാര്‍ തമ്മിലോ, സ്വവര്‍ഗങ്ങള്‍ തമ്മിലോ ലൈംഗികമായി ബന്ധപ്പെടാം എന്നാണു അവരുടെ യുക്തി പറയുന്നത്..! സ്വവര്‍ഗരതിയുടെ കാര്യത്തില്‍ വ്യക്തമായ നിലപാട് പറയാന്‍ ഇവര്‍ക്ക് ഇപ്പോഴും മടിയാണ് എന്നത് വേറെ കാര്യം. 
എന്നാല്‍ ഈ യുക്തി അഗമ്യഗമനത്തിന്റെ കാര്യത്തില്‍ പ്രയോഗിക്കാന്‍ ഇവര്‍ സന്നദ്ധമാവുമോ? ഈ ചോദ്യം ഉയര്‍ന്നാല്‍ അവരുടെ രക്തം തിളച്ചു മറിയും. വികാരം നിയന്ത്രിക്കാന്‍ പറ്റാതാവും. ധാര്‍മിക ബോധം അത്യുന്നതിയില്‍ എത്തും. എന്ത് കൊണ്ട്? സഹോദരിയും സഹോദരനും തമ്മിലോ മാതാപിതാക്കളും മക്കളും തമ്മിലോ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധം നടത്താന്‍ തീരുമാനിച്ചാല്‍ ഏതു യുക്തി വെച്ചാണ് ഇവര്‍ അതിനെ എതിര്‍ക്കുക?
മൃഗത്തിനു യാതൊരു കുഴപ്പവും പറ്റാത്ത വിധത്തില്‍ അതുമായി ലൈംഗികബന്ധം നടത്തിയാല്‍ അത് ഇവരുടെ യുക്തിക്കെതിരാവുമോ? ഇന്ന് വരെ കൃത്യമായി ചര്‍ച്ച ചെയ്യാന്‍ പോലും ഇവര്‍ താല്‍പ്പര്യം കാണിക്കാത്ത മേഖലയാണിത്.

6.  കുംഭമേളയിലെ പുരുഷനഗ്നത ആഭാസം. സ്ത്രീ നഗ്നതാ പ്രദര്‍ശനം പുരോഗമനം!

നഗ്നതാപ്രദര്‍ശനം മനുഷ്യന്റെ മൂല്യബോധത്തിന്റെയും ധാര്‍മികതയുടെയും കടക്കല്‍ കത്തിവെക്കുന്ന മ്ലേച്ചമായ ഏര്‍പ്പാടാണ്. ദൈവികമൂല്യങ്ങള്‍ പിന്തുടരുന്ന വിശ്വാസികള്‍ ഇത്തരം ജീര്‍ണതകളെ ശക്തമായി വിമര്‍ശിക്കുക തന്നെ ചെയ്യും. 
എന്നാല്‍ ഈ വിഷയത്തില്‍ യുക്തിവാദനിലപാട് ദുരൂഹവും വൈരുധ്യം നിറഞ്ഞതുമാണ്.
ഉദാഹരണം കുംഭമേള തന്നെ. ഈ സംസ്കാരശൂന്യതയെ ഇവര്‍ കണക്കിന്  വിമര്‍ശിക്കുകയും ആര്‍ഷഭാരതസംസ്കാരത്തിന്റെ കോലം കണ്ടില്ലേ എന്ന് പരിഹസിക്കുകയും ചെയ്യും. അതേസമയം സ്ത്രീകളുടെ വസ്ത്രധാരണ വിഷയത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും വരുമ്പോള്‍ സ്ത്രീയുടെ നഗ്നതാ പ്രദര്‍ശനത്തെ ന്യായീകരിക്കും വിധമാണ് ഇവര്‍ സംസാരിക്കുക!! അതിനവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും ഒരു സമൂഹം നഗ്നതാപ്രദര്‍ശനം ഇഷ്ടപ്പെട്ടാല്‍ അത് വിലക്കുന്നത് ആധുനികയുഗത്തിനു യോജിച്ചതല്ലെന്നും അവര്‍ വാദിക്കാന്‍ തുടങ്ങും !!   

7.  ബഹുഭാര്യത്വം പിന്തിരിപ്പന്‍, സ്ത്രീ വിരുദ്ധം. വേശ്യാവൃത്തി പുരോഗമനപരം, അന്തസ്സ് ! 

നിരീശ്വരവാദികളുടെ ആശയപാപ്പരത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ് ബഹുഭാര്യത്വവുമായി ബന്ധപ്പെട്ടത്. അനിവാര്യമായ കാരണങ്ങള്‍ കൊണ്ട് നിയന്ത്രിതവും കണിശമായ വ്യവസ്ഥകള്‍ക്ക് വിധേയവുമായ ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പുരോഗതിക്കെതിരും പിന്തിരിപ്പനുമാണ് എന്നാണു ഇവരുടെ വാദം.  സ്ത്രീകളെ യന്ത്രം പോലെ കണക്കാക്കി അടിച്ചമര്‍ത്തുന്ന രീതിയാണ് ഇതെന്ന് കൂടി അവര്‍ പറഞ്ഞു വെക്കുന്നു. (ഇസ്ലാമിലെ സ്ത്രീ: 10 ചോദ്യങ്ങള്‍ എന്ന പോസ്റ്റില്‍ ഇവരുടെ വാദഗതികള്‍ക്കുള്ള മറുപടി കാണാം).
എന്നാല്‍ ബഹുഭാര്യത്വത്തെ പുച്ചിച്ചു കൊണ്ട് ഏകഭാര്യത്വം സ്വീകരിക്കുന്ന യുക്തിവാദികള്‍ അടക്കമുള്ളവരില്‍ ഗണ്യമായൊരു വിഭാഗം പരസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നവരാണെന്നതാണ് വസ്തുത!! അഥവാ ഒന്നിലധികം സ്ത്രീകള്‍ അവര്‍ക്കുമുണ്ട്!! ഭാര്യ എന്ന പദവി ഒരാള്‍ക്കേ കൊടുക്കൂ എന്ന് മാത്രം!! ബാക്കിയുള്ളവര്‍ വേശ്യയോ കാമുകിയോ ഗേള്‍ ഫ്രെണ്ടോ ഒക്കെ ആയിരിക്കും. വേശ്യാവൃത്തിയും ഉഭയസമ്മതപ്രകാരമുള്ള മറ്റു ലൈംഗികബന്ധങ്ങളും അവര്‍ക്ക് അനുവദനീയമാണ്! എത്ര വേശ്യകളെയും പുരുഷന് പ്രാപിക്കാം. പക്ഷെ വിവാഹം കഴിച്ചുപോകരുത്!! വിവാഹം കഴിച്ചാല്‍ അത് പിന്തിരിപ്പന്‍. സ്ത്രീ വിരുദ്ധം!!
വേശ്യ ഒരു തരം ലൈംഗികഅടിമയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഏതാനും തുട്ടുകള്‍ കൊടുത്ത് തന്റെ ആവശ്യം നിറവേറ്റി രക്ഷപ്പെടുന്ന പുരുഷകേസരികള്‍ക്ക് പിന്നീടവളെ ശ്രദ്ധിക്കുകയോ പോറ്റുകയോ ഒന്നും വേണ്ട!! അവരുടെ കുടുംബത്തെ പരിഗണിക്കേണ്ട. സര്‍വതന്ത്രസ്വാതന്ത്ര്യം!! ഇതാണത്രേ പുരോഗമനം!
ബഹുഭാര്യത്വസമ്പ്രദായത്തില്‍ ഭാര്യമാര്‍ക്ക് തുല്യ നീതിയും അവകാശവും ലഭിക്കുന്നുവെന്ന് മാത്രമല്ല, സ്വന്തമായ വ്യക്തിത്വവും സുരക്ഷിതബോധവും ലഭിക്കുകയും ചെയ്യുന്നു. ഏതാണ് സ്ത്രീയെ ആദരിക്കുന്നത് എന്ന് വായനക്കാര്‍ തീരുമാനിക്കുക. (ബഹുഭാര്യത്വത്തെ കുറിച്ച് ആനിബസന്റ് എന്ന പോസ്റ്റ്‌ വായിക്കുക).

8.  വേശ്യാവൃത്തി ആവാം. പക്ഷെ എന്റെ കുടുംബത്തില്‍ നിന്ന്  വേണ്ട.  

ഒരു സ്ത്രീ വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹിച്ചാല്‍ യുക്തിവാദിയുടെ കണ്ണില്‍ അതിനു യാതൊരു പ്രശ്നവുമില്ല. അതവളുടെ സ്വാതന്ത്ര്യമാണെന്നും അത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും അവര്‍ വാദിക്കുന്നു.
എന്നാല്‍ ഒരു യുക്തിവാദി, സ്വന്തം അമ്മയോ ഭാര്യയോ മകളോ സഹോദരിയോ ഈ ആവശ്യം ഉന്നയിച്ചു വന്നാല്‍ അതംഗീകരിച്ചു കൊടുക്കുമോ? കൊടുക്കും എന്ന് പറയാന്‍ ചങ്കൂറ്റമുള്ള എത്ര യുക്തിവാദികള്‍ ഉണ്ടായിരിക്കും? എത്ര കടുത്ത യുക്തിവാദിയും നൂറു ശതമാനം സംതൃപ്തിയോടെ ഈ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കില്ലെന്ന് ഉറപ്പ്!

9.  ഇസ്ലാം യുദ്ധസാഹചര്യത്തില്‍ നിര്‍ബന്ധിതാവസ്ഥ മൂലം നിലനിര്‍ത്തിയ അടിമത്തത്തെ എതിര്‍ക്കും. എന്നാല്‍ സ്ത്രീകളെ വേശ്യകള്‍ ആക്കി ലൈംഗിക അടിമത്തത്തിലേക്ക് കൊണ്ട് പോകുന്നത് പുരോഗമനം!

അടിമത്തസമ്പ്രദായം ഏറ്റവും പ്രായോഗികമായ രീതിയില്‍ അവസാനിപ്പിച്ച മതമാണ്‌ ഇസ്ലാം. എന്നാല്‍ യുദ്ധസാഹചര്യത്തില്‍ യുദ്ധതടവുകാരെ അടിമകളാക്കേണ്ടി വരുന്ന അനിവാര്യമായ സന്ദര്‍ഭങ്ങള്‍ വന്നാല്‍ ഇസ്ലാം അത് വിരോധിച്ചിട്ടില്ല. ഉദാഹരണത്തിന് ശത്രുക്കള്‍ മുസ്ലിം പക്ഷത്തുള്ളവരെ പിടികൂടി അടിമകള്‍ ആക്കുമ്പോള്‍ തിരിച്ചും അങ്ങനെ ചെയ്യേണ്ടി വരുമല്ലോ. അങ്ങനെ ചെയ്തില്ലാ എങ്കില്‍ ശത്രുക്കള്‍ മുസ്ലിം പക്ഷത്തുള്ളവരെ വിട്ടു കൊടുക്കാത്ത അവസ്ഥ വരും. 
എന്നാല്‍ ഇതിനെ യാതൊരു യുക്തിബോധവുമില്ലാതെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്നതാണ് മറ്റു വിഷയങ്ങളിലെന്ന പോലെ ഇക്കാര്യത്തിലും യുക്തിവാദികള്‍ ചെയ്യുന്നത്. യുദ്ധസാഹചര്യത്തിലെ ഇത്തരം നിര്‍ബന്ധിതാവസ്ഥക്ക്‌ മറ്റൊരു ബദല്‍ നിര്‍ദേശിക്കാതെയാണ് ഇവരുടെ ഈ വിമര്‍ശനം എന്നോര്‍ക്കണം.
അതിരിക്കട്ടെ. ആധുനിക ലോകത്ത് ഏറ്റവും ഹീനമായ അടിമത്തം ഏതാണ്? ഒരു വിഭാഗം സ്ത്രീകളെ വേശ്യകളാക്കി മാറ്റുന്നതല്ലേ? സകലവൃത്തികേടുകളും അധമവികാരങ്ങളും പ്രയോഗിച്ചു രസിക്കുവാനുള്ള ലൈംഗിക ഉപകരണങ്ങള്‍ ആക്കി മാറ്റുകയാണ് ആധുനിക ലോകം വേശ്യകളെ. 
ഈ പ്രശ്നത്തിനു മറുപടിയെന്നോണം പറയുക വേശ്യകള്‍ വേശ്യാവൃത്തി സ്വയം തിരഞ്ഞെടുക്കുന്നതാണ് എന്നും അവര്‍ അതാഗ്രഹിക്കുന്നു എന്നുമായിരിക്കും. എന്നാല്‍ അടിമത്തത്തിന്റെ കാര്യത്തിലും ഇത് കാണാം. പല അടിമകളും അടിമയായി നില നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരായിരുന്നു. അമേരിക്കയില്‍ അടിമത്തം നിരോധിച്ചിട്ടും അവരില്‍ പലരും വീണ്ടും ആ അടിമത്തത്തിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിച്ചു. എന്ത് കൊണ്ട്? തങ്ങളുടെ അസ്ഥിത്വവും വ്യക്തിത്വവും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തവരായിരുന്നു അവര്‍. അത് ബോധ്യപ്പെടുത്തി കൊടുത്ത് അവരെ യഥാര്‍ത്ഥ മനുഷ്യരാക്കി മാറ്റുക എന്നതായിരുന്നു ഈ പ്രശ്നത്തിനുള്ള പരിഹാരം. ഇസ്ലാം ചെയ്തതും അതാണ്‌. 
വേശ്യകളുടെ കാര്യത്തിലും അടിമത്തത്തിന്റെ ഈ ഒരു മാനസികാവസ്ഥ ഉണ്ട്.  അത് മാറ്റി അവരെ യഥാര്‍ത്ഥ വ്യക്തിത്വമുള്ള മനുഷ്യരാക്കാന്‍ മതം ശ്രമിക്കുമ്പോള്‍ യുക്തിവാദികള്‍ അവരെ ആ അധമവികാരത്തില്‍ തന്നെ നിലനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

10.  സ്ത്രീ-പുരുഷ സമത്വം വേണം. പക്ഷെ എന്റെ വീട്ടില്‍ വേണ്ട ! 

പുരുഷന്മാര്‍ക്ക് ചെയ്യാന്‍ അവകാശമുള്ള എല്ലാം സ്ത്രീകള്‍ക്കും അനുവദിക്കണം. സ്ത്രീകള്‍ ചെയ്യേണ്ടി വരുന്ന കാര്യങ്ങള്‍ പുരുഷനും ചെയ്യണം. ഇതാണല്ലോ സ്ത്രീ-പുരുഷസമത്വം  കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത്. മതങ്ങള്‍ സ്ത്രീ-പുരുഷ സമത്വത്തിനു എതിരാണ് എന്ന് ഘോരഘോരം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന യുക്തിവാദികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ എത്രത്തോളം ഇത് സ്വീകരിക്കാറുണ്ട് എന്നത് ചിന്തനീയമാണ്. മതസ്ഥരുടെ കുടുംബങ്ങളില്‍ നിന്നും പ്രകടമായ ഒരു വ്യത്യാസവും നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് വസ്തുത. അടുക്കളയില്‍ ജോലി ചെയ്യുന്നത് തൊട്ടു കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നത് വരെയുള്ള ഓരോന്നും പരിശോധിക്കുക. 90% വരെയെങ്കിലും സ്ത്രീയായിരിക്കും ഇതൊക്കെ ചെയ്യുക. ഇടക്കെപ്പോഴെങ്കിലും വന്നു അല്ലറചില്ലറ പണികള്‍ ചെയ്തു താനും സ്ത്രീ-പുരുഷസമത്വം പാലിക്കുന്നു എന്ന് വിചാരിക്കുകയാണോ യുക്തിവാദികള്‍? 
വീട്ടിലെ ബഹുഭൂരിഭാഗം കാര്യങ്ങളും നോക്കികഴിഞ്ഞു അവസാനം പുറത്തുള്ള ജോലികൂടി ചെയ്യേണ്ടിവരുന്ന അവസ്ഥയാണ് യുക്തിവാദിസ്ത്രീകള്‍ക്ക് പലപ്പോഴും സംഭവിക്കുന്നത്‌. സമൂഹത്തിലെ ഈ പ്രശ്നത്തില്‍ നിന്നും ഇവരും ഭിന്നമല്ല എന്നര്‍ത്ഥം. സിദ്ധാന്തം മറ്റുള്ളവരെ ഉപദേശിക്കുന്ന പോലെ എളുപ്പമല്ല, അത് സ്വന്തം കാര്യത്തില്‍ പ്രയോഗവല്ക്കരിക്കുന്നത് എന്ന കാര്യം യുക്തിവാദികള്‍ക്കും തോന്നുന്നുണ്ടാവണം.


11.  സ്ത്രീകള്‍ക്ക് സുരക്ഷ വേണം. പക്ഷെ സുരക്ഷ നല്‍കുന്ന വസ്ത്രം ധരിക്കരുത് ! 

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ മുമ്പത്തേക്കാളും ശക്തമായിരിക്കുകയാണ് ഇപ്പോള്‍. ഇതിനു നിരവധി കാരണങ്ങളുണ്ട്. അവയില്‍ ഒന്നാണ് സ്ത്രീകളുടെ വസ്ത്രധാരണരീതി. പുറത്തിറങ്ങുമ്പോള്‍ ശരീരഭാഗം കൃത്യമായി മറയുന്നതും നിമ്നോന്നതങ്ങള്‍ വെളിപ്പെടാത്തതും മറ്റുള്ളവരില്‍ കാമചിന്ത ഉണര്‍ത്താത്തതുമായ വസ്ത്രം ധരിക്കണമെന്ന ഇസ്ലാമിന്റെ നിര്‍ദ്ദേശം സ്ത്രീകളെ ഒരളവോളം ഇത്തരം പീഡനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. (അത് കൊണ്ട് മാത്രം എല്ലാ പീഡനവും അവസാനിക്കുമെന്ന വാദം ആര്‍ക്കുമില്ല. കാമഭ്രാന്തന്മാരെയും പീഡനം നടത്തുന്നവരെയും തടയാനും കഠിനശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥ കൂടി രാജ്യത്ത് വന്നെ തീരൂ). 
പക്ഷെ വിചിത്രമെന്നേ പറയേണ്ടൂ. സ്ത്രീയുടെ സുരക്ഷക്ക് വേണ്ടി നല്‍കിയ വസ്ത്രധാരണരീതിയെ അവഹേളിക്കുകയും തള്ളുകയും ചെയ്യുന്ന നിലപാടാണ് യുക്തിവാദികള്‍ സ്വീകരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ഇത് നിര്‍ദ്ദേശിച്ചത് ഇസ്ലാമായിപ്പോയി..!! ഒരു കാര്യം ഇസ്ലാം പറഞ്ഞാല്‍ അത് സ്ത്രീകള്‍ക്ക് അനുകൂലമായാലും എതിര്‍ക്കണം എന്ന അലിഖിതനിയമം അവര്‍ക്കുണ്ടല്ലോ. അപ്പോള്‍ സ്ത്രീയുടെ സുരക്ഷക്കാണോ ഇസ്ലാം വിരോധത്തിനാണോ ഇവര്‍ മുന്‍ഗണന നല്‍കുന്നത്?


12.  സ്ത്രീ അഴിഞ്ഞാടട്ടെ. പുരുഷന് അത് കണ്ടു കാമം തോന്നി പീഡിപ്പിക്കുന്നത് മാത്രമാണ് തെറ്റ്  ! 

ഈയിടെ ഡല്‍ഹിയില്‍ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്‍പ്രതിഷേധങ്ങള്‍ നടന്നുവല്ലോ. ആ സമയത്ത് ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു പോസ്റ്ററില്‍ "ഞങ്ങളോട് മാന്യമായി വസ്ത്രം ധരിക്കുക എന്ന്‍ പറയേണ്ട, അവരോടു പീഡിപ്പിക്കരുതെന്ന് പറയൂ" എന്ന അര്‍ഥം വരുന്ന ഒരു വാചകം വായിച്ചതോര്‍ക്കുന്നു. അതിനെ യുക്തിവാദികള്‍ സപ്പോര്‍ട്ട് ചെയ്തതും കണ്ടു. 
"പുരുഷന്മാര്‍ സ്ത്രീകളെ കാമക്കണ്ണുകള്‍ കൊണ്ട്  നോക്കുക പോലും ചെയ്യരുത്. സ്ത്രീകള്‍ അവരുടെ സുരക്ഷക്ക് മാന്യമായ വസ്ത്രം ധരിക്കുക" ഇതാണ് ഇക്കാര്യത്തില്‍ വിശ്വാസിയുടെ നിലപാട്.

ഇസ്ലാം സ്ത്രീകളോട്  അവരുടെയും സമൂഹത്തിന്റെയും സുരക്ഷക്ക് വേണ്ടി അഴിഞ്ഞാടരുതെന്നു കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. (ഇതിനര്‍ത്ഥം പുരുഷന്മാര്‍ക്ക് അതാവാം എന്നല്ല, അവര്‍ക്കും ഇസ്ലാം ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്). എന്നാല്‍ യുക്തിവാദികള്‍ ഈ നിര്‍ദ്ദേശത്തെയും പുച്ചിച്ചു തള്ളുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യം ആണതെന്നും അത് തടയാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അവര്‍ വാദിക്കുന്നു.

സ്ത്രീകളുടെ അഴിഞ്ഞാട്ടമെങ്ങാനും പുരുഷന്മാര്‍ കണ്ടു അവര്‍ക്ക് പ്രലോഭനം ഉണ്ടാവുകയും  അതവരുടെ തുടര്‍ന്നുള്ള ജീവിതരീതികളെ സ്വധീനിക്കുകയും അങ്ങനെ പീഡനത്തിലേക്ക് നയിക്കുകയും ചെയ്താലോ? അത് മാത്രമാണ് യുക്തിവാദികളുടെ കണ്ണില്‍ തെറ്റ് !! അതിലേക്ക് നയിച്ച കാരണം തെറ്റല്ല..!! ശരീരത്തില്‍ HIV കയറിക്കോട്ടെ, AIDS വരരുതെന്ന് പറയുന്നത് പോലെ!!


13.  ചേലാകര്‍മ്മം ക്രൂരം, മാനവവിരുദ്ധം. കാതുകുത്ത്‌, പച്ചകുത്തല്‍ തുടങ്ങിയവ പ്രശ്നമല്ല.

ചേലാകര്‍മ്മത്തിനെ എതിര്‍ക്കാന്‍ ഉന്നയിക്കുന്ന ഒരു വാദം അത് പ്രകൃതിവിരുദ്ധവും വേദനാജനകവും ആണെന്നാണ്‌. അത് ശരിയാണ് എന്ന് തന്നെ വെക്കുക. എങ്കില്‍ കാതുകുത്തും പച്ചകുത്തലുമൊക്കെ ഇതേ കാറ്റഗറിയില്‍ വരില്ലേ? പക്ഷെ ഏതെങ്കിലും യുക്തിവാദി അതിനെ എതിര്‍ക്കുന്നതായി കാണാറില്ല. എന്തിനു അവര്‍ തന്നെയും അവരുടെ കുട്ടികള്‍ക്ക് കാതുകുത്താറുണ്ട്. അവരുടെ കുട്ടികളും കരയാറുണ്ട്. കുട്ടികളെ വേദനിപ്പിക്കുന്നതും അവരുടെ കാതു തുളച്ചു മുറിപ്പെടുത്തുന്നതും പ്രകൃതിക്ക് ചേര്‍ന്നതാണോ? എന്താണ് അവര്‍ അത് സ്വീകരിക്കുകയും ചേലാകര്‍മ്മത്തെ മാത്രം എതിര്‍ക്കുകയും ചെയ്യുന്നത്?


14. ഭൂരിഭാഗം വിശ്വാസികള്‍ക്കും മതത്തില്‍ വിശ്വാസമില്ല ! പക്ഷെ വിശ്വാസികളിലാണ് തിന്മ അധികമായി കാണുന്നത് ! ഇതിനു കാരണം മതമാണ് !!! 

ലോകത്ത് നിരീശ്വരവാദികളുടെ എണ്ണം അവഗണിക്കാവുന്ന വിധം വളരെ കുറവാണ്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരോ ഇനി മതമില്ലാതെ തന്നെ ദൈവത്തില്‍ വിശ്വസിക്കുന്നവരോ ആണ് ലോകത്ത് മഹാഭൂരിപക്ഷവും. എന്നാല്‍ വിശ്വാസത്തിന്റെ തോതും ദൈവസങ്കല്‍പ്പവും എല്ലാവരിലും ഒരു പോലെയല്ല. വക്രതയില്ലാത്തതും പൂര്‍ണവുമായ  ദൈവവിശ്വാസം ഉള്ളവര്‍ ലോകത്ത് കുറവാണ്. ഈ വസ്തുതയെ തങ്ങള്‍ക്ക് അനുകൂലമാക്കി വ്യാഖ്യാനിക്കാന്‍ നിരീശ്വരവാദികള്‍ ശ്രമിക്കാറുണ്ട്. ദൈവവിശ്വാസികളുടെ എണ്ണം വളരെ കുറവാണെന്നും മതം ദുര്‍ബലമായി വരികയാണെന്നും അവര്‍ വാദിക്കുന്നു. തങ്ങളുടെ മാര്‍ഗമാണ് അവര്‍ സ്വീകരിക്കുന്നത് എന്ന നിലക്കാണ് യുക്തിവാദികള്‍ ഈ വാദം സാധാരണ അവതരിപ്പിക്കാറ്‌. 

ഇങ്ങനെ പറയുന്ന അതേ നാവു കൊണ്ട് തന്നെ മതക്കാരിലാണ് തിന്മ അധികമെന്ന് ഇവര്‍ വാദിക്കുകയും ചെയ്യും!! അതിനു ഉത്തരവാദിയോ മതമാണെന്നും..!! എന്നാല്‍ മുകളില്‍ കൊടുത്ത ഇവരുടെ തന്നെ വാദപ്രകാരം മതത്തില്‍ നിന്ന് അകന്നതാണ് തിന്മ അധികമാവാന്‍ കാരണമെന്നല്ലേ പറയേണ്ടത്? മറ്റൊരു തരത്തില്‍ നിരീശ്വരലൈനിലേക്ക് അടുക്കുന്നതാണ് തിന്മകള്‍ പെരുകാന്‍ കാരണം.9 comments:

 1. വളരെ നന്നായിരിക്കുന്നു. ഇനിയും ഇത് പോലെയുള്ളവ പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. Nalloru Comedy Vayichu

  ReplyDelete
  Replies
  1. ശരിയാണ്. യുക്തിവാദികളുടെ വൈരുദ്ധ്യാധിഷ്ടിത ആശയങ്ങള്‍ വായിച്ചാല്‍ ആരും ചിരിച്ചു പോകും :)

   Delete
 3. സ്ത്രീ അഴിഞ്ഞാ ടിയാൽ നിങ്ങൾ പിടിപ്പിക്കും അല്ലെ ??

  ReplyDelete
 4. please read this blog http://quranvimarsanam.blogspot.com/2009/05/blog-post_4958.html

  ReplyDelete
 5. soopparraayittunT.,vaLa re nandi..

  ReplyDelete
 6. ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

  ReplyDelete
 7. ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
  അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

  എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

  മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).


  ReplyDelete
 8. വളരെ മികച്ച ലേഖനം; അഭിനന്ദനങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  ReplyDelete

ഇനി നിങ്ങളുടെ ഊഴം