Wednesday, October 1, 2014

ഖുര്‍ആനിലെ ശാസ്ത്രം: തിരുത്തപ്പെടേണ്ട ധാരണകള്‍

"ഖുര്‍ആനില്‍ ഇന്ന് കണ്ടുപിടിച്ച എല്ലാ ശാസ്ത്രവും ഉണ്ട്. ശാസ്ത്രം ഖുര്‍ആന്റെ പിന്നാലെയാണ്.. ശാസ്ത്രം ഖുര്‍ആന്റെ മുമ്പില്‍ അടിയറവ് പറഞ്ഞു.. ബിഗ്‌ ബാംഗ് തിയറി ഖുര്‍ആനില്‍ ഉണ്ട്...."

"ഖുര്‍ആനില്‍ എന്തുകൊണ്ട് പെട്രോളിയം ശേഖരത്തെ കുറിച്ച് പരാമര്‍ശമില്ല? ദിനോസറിനെ പറ്റി പറഞ്ഞില്ല? കാര്‍, ബസ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയെ കുറിച്ചൊന്നും ഖുര്‍ആനില്‍ പറയുന്നില്ലല്ലോ."

ഫേസ്ബുക്കിലും മറ്റും ഖുര്‍ആന്റെ അമാനുഷികത സ്ഥാപിക്കാന്‍ ചില സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി കണ്ടുവരാറുള്ള ചില വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആദ്യം കൊടുത്തത് മുസ്ലിം പക്ഷത്തുള്ളവരുടെതാണെങ്കില്‍ രണ്ടാമത്തേത് യുക്തിവാദികളില്‍ നിന്നും കേള്‍ക്കുന്നതാണ്. രണ്ടും സഹതാപാര്‍ഹമായ പ്രസ്താവനകളാണ് എന്നതാണ് സത്യം.. 
പല ശാസ്ത്രസത്യങ്ങളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെന്നത് ശരിതന്നെ. സംശയമില്ല. അത്പോലെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമായ യാതൊന്നും ഖുര്‍ആനില്‍ ഇല്ല എന്നതും വസ്തുതയാണ്. എന്നാല്‍ മുകളില്‍ കൊടുത്തത് പോലെയുള്ള അവകാശവാദങ്ങള്‍ നടത്തുന്നവര്‍ക്ക് ഖുര്‍ആന്‍ , ശാസ്ത്രം എന്നിവയെ കുറിച്ചോ അവയുടെ ലക്ഷ്യത്തെ കുറിച്ചോ കൃത്യമായ അറിവില്ലെന്നാണ് വസ്തുത. എവിടെ നിന്നോ കിട്ടുന്ന പോസ്റ്റുകള്‍ രണ്ടാമതൊന്നു ചിന്തിക്കാതെ മറ്റു ഗ്രൂപ്പുകളില്‍ കൊണ്ട് പോസ്റ്റ്‌ ചെയ്ത് "മാഷാ അല്ലാഹ്" പറഞ്ഞു സ്വയം പരിഹാസ്യരാവുന്ന ദയനീയ രംഗം പലപ്പോഴായി കാണേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ ഖുര്‍ആനിലെ ശാസ്ത്രസൂചനകളെ സംബന്ധിച്ച് നാം സാമാന്യം മനസ്സിലാക്കേണ്ടതായ ചില വസ്തുതകള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്: 

1.  ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല.

ഖുര്‍ആനില്‍ ചരിത്രമുണ്ട്, എന്നാല്‍ അതൊരു ചരിത്രപുസ്തകമല്ല, പ്രാര്‍ഥനകള്‍ ഉണ്ട്, എന്നാല്‍ അതൊരു പ്രാര്‍ത്ഥനാ സമാഹാരമല്ല, നിയമനിര്‍ദേശങ്ങള്‍ ഉണ്ട്, എന്നാല്‍ നിയമപുസ്തകമല്ല. ഇതുപോലെ ഖുര്‍ആനില്‍ ശാസ്ത്രസംബന്ധമായ വസ്തുതകള്‍ ഉണ്ട്, എന്നാല്‍ അതൊരു ശാസ്ത്രഗ്രന്ഥമാണ് എന്ന് പറയാവതല്ല. ശാസ്ത്രം പറയാനും തിയറികള്‍ ഉണ്ടാക്കാനും വേണ്ടി ഇറക്കിയ ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് അബദ്ധധാരണ മാത്രമാണ്. 

2.  സര്‍വശാസ്ത്രവും പറയലല്ല ഖുര്‍ആന്റെ ലക്‌ഷ്യം. സന്മാര്‍ഗദര്‍ശനം നല്‍കലാണ്.

ഖുര്‍ആനില്‍ ദിനോസറുകളെ കുറിച്ച് വന്നില്ല അതിനാല്‍ അത് ദൈവികമല്ല, പെട്രോളിയം ശേഖരത്തെ പറ്റി പരാമര്‍ശിച്ചില്ല അതിനാല്‍ അത് മനുഷ്യനിര്‍മിതം, ചൊവ്വാഗ്രഹത്തെ കുറിച്ച് പറയുന്നില്ല, അതിനാല്‍ അല്ലാഹു ഇല്ല, മൊബൈല്‍ഫോണിനെ കുറിച്ച് മിണ്ടുന്നില്ല, അതിനാല്‍ അത് വിഡ്ഢിത്തം.... ഇങ്ങനെ പോകുന്നു യുക്തിവാദികളുടെ അര്‍ത്ഥശൂന്യവിമര്‍ശനം. ഇങ്ങനെ ഖുര്‍ആനില്‍ ഇല്ലാത്തതിന്റെ ലിസ്റ്റ് ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ അതെവിടെ അവസാനിക്കും? ഒരു എന്സൈക്ലോപീഡിയയാകണം ഖുര്‍ആന്‍ എന്നാണോ ഇവരുടെ ആവശ്യം? എങ്കില്‍ അത്തരം ഒരു ഗ്രന്ഥം തന്നെ ഒരു വ്യക്തിക്ക് പൂര്‍ണമായി വായിച്ചു തീര്‍ക്കാന്‍ കഴിയുമായിരുന്നോ? എല്ലാം ഖുര്‍ആനില്‍ ഉണ്ടായിരുന്നെങ്കില്‍ മനുഷ്യന് കണ്ടുപിടുത്തങ്ങളുടെയും ഗവേഷണത്തിന്റെയും പുരോഗതിയുടെയും അവസരം നഷ്ടപ്പെടുകയല്ലേ ചെയ്യുക?
എന്തിനുവേണ്ടിയാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് പോലും ഇക്കൂട്ടര്‍ മറന്നു പോകുന്നു. മനുഷ്യന്‍ തന്റെ ബുദ്ധി കൊണ്ട് കണ്ടെത്തേണ്ട കാര്യങ്ങളാണ് ശാസ്ത്രം. അതെല്ലാം അല്ലാഹു നേരിട്ട് പറഞ്ഞുതരണം എന്ന് വാദിക്കുന്നത് വിഡ്ഢിത്തമാണ്. ശാസ്ത്രത്തിന് കഴിയാത്ത വിഷയമാണ് മനുഷ്യന് സന്മാര്‍ഗദര്‍ശനം നല്‍കലും ഏറ്റവും ഉത്തമമായ ജീവിതപദ്ധതി സമര്‍പ്പിക്കലും അഭൗതികകാര്യങ്ങളെ വെളിപ്പെടുത്തിത്തരലും. അതാണ് ഖുര്‍ആന്റെ മേഖല. അവയെ കുറിച്ചുള്ള അറിവ് നല്‍കാന്‍ വേണ്ടി കൊടുക്കുന്ന വചനങ്ങളില്‍ ശാസ്ത്രവിഷയങ്ങള്‍ കടന്നുവരുന്നു എന്ന് മാത്രം. അത്തരം വചനങ്ങളില്‍ തെളിയിക്കപ്പെട്ട ശാസ്ത്രസത്യത്തിനു വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉണ്ടോ എന്നതാണ് പരിശോധിക്കപ്പെടെണ്ടത്.

3.  അറബിഭാഷാ പരിജ്ഞാനം. പദങ്ങളുടെ വിശാലാര്‍ത്ഥം.

ഖുര്‍ആന്‍ ശുദ്ധമായ അറബിഭാഷയിലാണ് അവതരിപ്പിക്കപ്പെട്ടത്. അതിനാല്‍ തന്നെ ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറബിഭാഷയില്‍ നല്ല അറിവുള്ളവര്‍ ആയിരിക്കണം. ഓരോ അറബി പദത്തിനും ഒന്നിലേറെ അര്‍ത്ഥസാദ്ധ്യതകളും ആശയങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും ആ അര്‍ത്ഥങ്ങളെല്ലാം ഒന്നിച്ചു ഉദ്ദേശിക്കാവുന്ന നിലക്കായിരിക്കും ഖുര്‍ആനില്‍ ആ പദങ്ങള്‍ വരിക. ഇതര ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ പ്രസ്തുത പദങ്ങള്‍ക്ക് സമാനാമായതും ആശയചോര്‍ച്ച സംഭവിക്കാത്തതുമായ പദങ്ങള്‍ ആ ഭാഷകളില്‍ ഉണ്ടാവുകയില്ല. അങ്ങനെ ഖുര്‍ആന്‍ ഉദ്ദേശിക്കുന്ന വിശാലവും ഗംഭീരവുമായ ആശയം പരിഭാഷകള്‍ക്ക് കിട്ടാതെ പോവുന്നു. 

ഖുര്‍ആനിലെ ശാസ്ത്രസംബന്ധിയായ പരാമര്‍ശങ്ങളും പരിഭാഷപ്പെടുത്തുമ്പോള്‍ ഈ പരിമിതി കാണാനാവും.   

4.   തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും ഖുര്‍ആനിലില്ല.

ഖുര്‍ആനില്‍ ആറായിരത്തില്‍ പരം സൂക്തങ്ങളുണ്ട്. അവയിലൊന്നില്‍ പോലും തെളിയിക്കപ്പെട്ട ശാസ്ത്രവസ്തുതകള്‍ക്ക് വിരുദ്ധമായത്  കാണുക സാധ്യമല്ല. ചിലത് ഇനിയും തെളിയിക്കപ്പെടാനുണ്ട്. തെളിയിക്കപ്പെടാത്തതും ശാസ്ത്രജ്ഞര്‍ ഊഹിച്ചു പറയുന്നവയുമായ കാര്യങ്ങള്‍ എടുത്തുകാണിച്ചു കൊണ്ട് ഖുര്‍ആന്‍ ശാസ്ത്രവിരുദ്ധമാണെന്ന് വിമര്‍ശിക്കുന്നത് ഒരിക്കലും സത്യസന്ധമായ സമീപനമല്ല. ഉദാഹരണത്തിന് പരിണാമശാസ്ത്രം നോക്കുക. തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യമൊന്നുമല്ല അത്. മുമ്പ് വലിയ സത്യം എന്ന നിലക്ക് അവതരിപ്പിച്ചിരുന്ന തിയറികള്‍ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടു എന്ന കാര്യവും വിസ്മരിക്കരുത്. ശാസ്ത്രം എന്നും മാറ്റത്തിന് വിധേയമാണ്. എന്നാല്‍ ഖുര്‍ആന്‍ ശാശ്വതസത്യമാണ്. അതിലെ ഒരു ആശയത്തിനും മാറ്റമില്ല.

5.  ശാസ്ത്രസിദ്ധാന്തങ്ങള്‍ ഖുര്‍ആനില്‍ ഇല്ല. 

ഇതൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

ഖുര്‍ആന്‍ പറയുന്നു: "ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി." (21:30)

സാധാരണ പലരും ഈ സൂക്തം ബിഗ്‌ബാംഗ് തിയറി ഖുര്‍ആനില്‍ ഉണ്ടെന്നു പറയാനാണ് ഉപയോഗിക്കുന്നത്. സൂക്ഷ്മതയില്ലാത്ത പ്രസ്താവനയാണ് അത്. പ്രപഞ്ചോല്പ്പത്തിയെ കുറിച്ച് വിശദീകരിക്കുന്ന പല സിദ്ധാന്തങ്ങളില്‍ ഇന്ന് ഏറ്റവും സ്വീകാര്യമായ സിദ്ധാന്തം മാത്രമാണത്. നാളെ ആ സിദ്ധാന്തം തെറ്റാണെന്ന് വരാനും സാധ്യതയുണ്ട്. വാസ്തവത്തില്‍ ഖുര്‍ആന്‍ പറഞ്ഞ കാര്യവും ഈ തിയറിയില്‍ പറയുന്ന കാര്യവും തമ്മില്‍ സാമ്യതയുണ്ടെന്നു മാത്രമേ പറയാവൂ. നാളെ മറ്റൊരു സിദ്ധാന്തം വന്നു പ്രപഞ്ചോല്പ്പത്തിയെ പറ്റി യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം വിശദീകരിച്ചാലും ഖുര്‍ആന്‍ പറഞ്ഞ കാര്യം അവിടെയും യോജിച്ചുവരും എന്നാണ് നാം മനസ്സിലാക്കേണ്ടത്.

തിയറി തെറ്റിയാലും
ഖുര്‍ആന്‍ പറയുന്നത് സത്യം.

6.   ശാസ്ത്രം ഖുര്‍ആന്റെ മുന്നില്‍ തോറ്റു? ഖുര്‍ആനും ശാസ്ത്രവും ശത്രുക്കളോ?

ഖുര്‍ആനും ശാസ്ത്രവും തികച്ചും വിരുദ്ധമായ രണ്ടു കാര്യങ്ങളാണ് എന്നും ശാസ്ത്രം വിജയിച്ചാല്‍ ഖുര്‍ആന്‍ പരാജയപ്പെട്ടു എന്നാണു അര്‍ത്ഥമെന്നും തോന്നിക്കുന്ന പല പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയകളില്‍ ധാരാളം കാണാം. ഒന്നാംതരം വിവരക്കേട് എന്നേ അതിനെ പറ്റി പറയാനുള്ളൂ. ഖുര്‍ആന്‍ ഒരിക്കലും ശാസ്ത്രത്തിനെതിരല്ല. തിരിച്ചും അങ്ങനെത്തന്നെ. അറിവ് തേടാനും നേടാനും ബുദ്ധി ഉപയോഗിക്കാനും നിരന്തരം കല്‍പ്പിക്കുന്ന ഖുര്‍ആന്‍ എങ്ങനെയാണ് ശാസ്ത്രത്തിന്റെ ശത്രുവാകുക?

ആല്‍ബര്‍ട്ട് ഐന്‍സ്റീന്റെ "മതമില്ലാത്ത ശാസ്ത്രം മുടന്തനും ശാസ്ത്രമില്ലാത്ത മതം അന്ധനുമാണ്" എന്ന ഉദ്ധരണി ഓര്‍ക്കുക.

7.  അസത്യപ്രചാരണങ്ങള്‍, അനാവശ്യമായ വലിച്ചുനീട്ടലുകള്‍

ഖുര്‍ആനില്‍ നിറയെ ശാസ്ത്രമാണെന്ന് തോന്നിക്കാന്‍ വേണ്ടി ചിലര്‍ ഏതെങ്കിലും ഖുര്‍ആന്‍ സൂക്തമെടുത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ വ്യാഖ്യാനിക്കുകയും അവസാനം വഷളാവുകയും ചെയ്യുന്നത് കാണാം. ചിലരാകട്ടെ ഖുര്‍ആന്റെയും ഇസ്ലാമിന്റെയും മഹത്വം ഉയര്‍ത്താന്‍ വേണ്ടി അസത്യങ്ങള്‍ പടച്ചു വിടുന്നു. ഇസ്ലാമിന്റെ ശത്രുക്കള്‍ വെബ്സൈറ്റ്കളിലും സോഷ്യല്‍ മീഡിയകളിലും മറ്റും ഇസ്ലാമിനെ മഹത്വപ്പെടുത്താന്‍ എന്ന മട്ടില്‍ പരിഹാസവും കളവുകളും ഖുര്‍ആനിലെ ശാസ്ത്രം എന്ന ലേബലിലോ മറ്റോ പടച്ചുവിടുന്നു. അപകടം മനസ്സിലാക്കാതെ നിഷ്കളങ്കരായ ചിലര്‍ ഇത്തരം കളവുകള്‍ ഷെയര്‍ ചെയ്യുന്നു. 

നീല്‍ ആംസ്ട്രോംഗ് ചന്ദ്രനില്‍ ബാങ്ക് വിളി കേട്ടതും ലൈലത്തുല്‍ ഖദറില്‍ അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനം നാസ മറച്ചു വെക്കുന്നു എന്ന ആരോപണവുമൊക്കെ ഇതിനു ഉദാഹരണങ്ങളാണ്.

8.   ഖുര്‍ആന്‍ സംസാരിക്കുന്നത് ശാസ്ത്ര ഭാഷയിലല്ല  

ഖുര്‍ആനില്‍ എല്ലാ കാലഘട്ടക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പദങ്ങള്‍ ആണ് ഉള്ളത്. ഇന്ന് ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉപയോഗിക്കുന്ന പദാവലികള്‍ ഖുര്‍ആനില്‍ ഉണ്ടാവില്ല എന്നത് ലളിതസത്യമാണല്ലോ. അതുകൊണ്ടുതന്നെ അതാത് കാലഘട്ടത്തിലുള്ള ആളുകള്‍ അന്നത്തെ അറിവനുസരിച്ചാണ് ആ പദങ്ങളെ മനസ്സിലാക്കുന്നതും ഉള്‍ക്കൊള്ളുന്നതും. പുതിയ കണ്ടെത്തലുകള്‍ വരുമ്പോഴാണ് ഖുര്‍ആനികപ്രയോഗങ്ങളുടെ വിശാലതയും ആഴവും നമുക്ക് ബോധ്യപ്പെടുക. ഉദാഹരണത്തിന് മനുഷ്യനെ "അലഖില്‍" നിന്ന് സൃഷ്ടിച്ചു എന്ന ഖുര്‍ആന്‍ പ്രയോഗം പരിശോധിക്കാം. "ഒട്ടിപ്പിടിക്കുന്നത്" എന്നാണു ആ വാക്കിന്റെ ഭാഷാര്‍ത്ഥം. അതിന്റെ വിവക്ഷ രക്തക്കട്ടയാണ് എന്നാണു മുമ്പ് പലരും വ്യാഖ്യാനിച്ചത്. ഇന്നാവട്ടെ ഒട്ടിപ്പിടിക്കുന്ന വസ്തു ഭ്രൂണം ആണെന്ന് കണ്ടെത്തി.

"ശാസ്ത്രം കണ്ടെത്തിയ ശേഷമാണല്ലോ അത് ഖുര്‍ആനില്‍ ഉണ്ടെന്നു ഖുര്‍ആന്റെ ആളുകള്‍ പറയുന്നത്?" എന്ന് വിമര്‍ശകര്‍ ചോദിക്കാറുണ്ട്. അങ്ങനെ സംഭവിക്കാനുള്ള ഒരു കാരണം ഇതാണ്. ഖുര്‍ആന്‍ പാണ്ഡിത്യം ഉള്ളവര്‍ പൊതുവേ ശാസ്ത്രമേഖലയില്‍ അവഗാഹം കുറഞ്ഞവരാണ് എന്നത് മറ്റൊരു കാരണമാണ്. രണ്ടു മേഖലയിലും നന്നായി പ്രാവീണ്യം ഉള്ളവര്‍ക്ക് ശാസ്ത്രം ഇനി കണ്ടെത്താന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിഞ്ഞേക്കും. 

ഖുര്‍ആനില്‍ ഭൂമിയെ കുറിച്ചുള്ള പരാമര്‍ശം കൂടി സൂചിപ്പിക്കട്ടെ. "ഭൂമിയുടെ ആകൃതി പരന്നതാകുന്നു, അല്ലെങ്കില്‍ പരന്ന ഒരു ഗ്രഹമാണ് ഭൂമി" എന്നൊന്നും ഖുര്‍ആന്‍ ഒരിടത്തും പറയുന്നില്ല. അക്കാര്യം പഠിപ്പിക്കാന്‍ വന്നതല്ലല്ലോ ഖുര്‍ആന്‍. അത്തരം വിഷയങ്ങള്‍ മനുഷ്യന്‍ കണ്ടെത്തുകയും പഠിക്കുകയും ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ ഖുര്‍ആനില്‍ "ഭൂമിയെ അല്ലാഹു നിങ്ങള്‍ക്കായി വിരിപ്പാക്കിയിരിക്കുന്നു, തൊട്ടിലാക്കിയിരിക്കുന്നു, വിശാലമാക്കിയിരിക്കുന്നു" എന്നെല്ലാം പറയുന്നുണ്ട്. മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹവും ജീവിത സൌകര്യവുമായിട്ടാണ് പ്രസ്തുത കാര്യങ്ങള്‍ ഖുര്‍ആന്‍ പറയുന്നത്. അല്ലാതെ ഭൂമിയുടെ ആകൃതിയെ പറ്റി പഠിപ്പിക്കുകയല്ല ഖുര്‍ആന്‍. "ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു" എന്ന വചനം എടുത്തിട്ടു ഭൂമിയുടെ ആകൃതി പരന്നതാണെന്നു ഖുര്‍ആന്‍ പറയുന്നേ എന്ന് പരിഹസിക്കുന്നവര്‍ "ഭൂമിയെ നിങ്ങള്‍ക്ക് തൊട്ടിലാക്കിയിരിക്കുന്നു" എന്ന വചനത്തെയും ഇതുപോലെ പരിഹസിക്കുമോ? സാമാന്യബോധമുള്ളവര്‍ക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ല. മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ പരാമര്‍ശിക്കാന്‍ ഭൂമിയെ തൊട്ടിലായും വിരിപ്പായും ഉപമിച്ചു പറയുന്ന ഖുര്‍ആന്റെ സാഹിത്യശൈലി മനസ്സിലാവത്തവരോട് എന്തുപറയാന്‍?

ഇനി ശാസ്ത്ര കണ്ണിലൂടെ മാത്രം ഖുര്‍ആന്‍ വായിക്കുന്ന, സാഹിത്യബോധം ഒട്ടുമില്ലാത്ത വരണ്ട യുക്തിവാദിയോടു പറയാനുള്ളത്: ഭൂമിയിലുള്ള മനുഷ്യരോടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. ഭൂമിയിലുള്ളവര്‍ക്ക് അതിന്റെ ആകൃതി പരന്നതായിട്ടല്ലാതെ എങ്ങനെയാണ് അനുഭവപ്പെടുന്നത്? ഭൂമിയുടെ ആകൃതി ഗോളമായി കാണണമെങ്കില്‍ ഭൂമിക്ക് പുറത്ത് പോയി നോക്കണം.


No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം