Sunday, October 5, 2014

സ്ത്രീയുടെ വസ്ത്രധാരണം: ഒരു ജബ്ബാറിയന്‍ യുക്തിവാദവും മറുപടിയും

സ്ത്രീ ജീന്‍സ് ധരിക്കുന്നത് ഒഴിവാക്കണം എന്ന് ഗാനഗന്ധര്‍വന്‍ യേശുദാസ് നടത്തിയ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തില്‍ യുക്തിവാദി നേതാവായ E A JABBAR ഇട്ട ഒരു പോസ്റ്റിനുള്ള മറുപടിയാണ് ഈ പോസ്റ്റ്‌. ആദ്യം നമുക്ക് അദേഹത്തിന്റെ വാദങ്ങള്‍ വായിക്കാം:

"ആണും പെണ്ണും പരസ്പരം കണ്ടാല്‍ ലൈംഗികാകര്‍ഷണം ഉണ്ടാകും . അതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. വിവസ്ത്രരായി കണ്ടാല്‍ മാത്രമല്ല “മാന്യമായി” മൂടിക്കെട്ടിയാലും പെരുമാറ്റത്തില്‍ ലൈംഗികതയുണ്ടെങ്കില്‍ ആകര്‍ഷിക്കപ്പെടും. ഉത്തേജിപ്പിക്കപ്പെടും. പരസ്പരം കാണണമെന്നും ഇല്ല; ശബ്ദം കേട്ടാലും മതി. ഇക്കാലത്താണെങ്കില്‍ മൊബൈല്‍ ഫോണിലൂടെയാണല്ലോ മിക്ക “അവിഹിത ബന്ധങ്ങളും” ക്ലച്ചു പിടിക്കുന്നത്. ജയിലിന്റെ മതിലുകള്‍ക്കപ്പുറവും ഇപ്പുറവുമായി വെറും ശബ്ദത്തിലൂടെ മാത്രം പ്രണയം പങ്കു വെയ്ക്കുന്നതിന്റെ മനോഹരമായ ആവിഷകാരമാണല്ലോ “മതിലുകള്‍” !
ഇതൊക്കെ പ്രകൃതിയിലെ റിയാലിറ്റി മാത്രം. സഹജമായ ഈ വൈകാരിക ഉത്തേജനങ്ങളെയും ജൈവിക ചോദനകളെയുമൊക്കെ സ്വയം നിയന്ത്രിക്കാനും സഹിക്കാനും വിവേകപൂര്‍വ്വം അതിനെയൊക്കെ അതിജീവിക്കാനുമുളള കഴിവാണു മനുഷ്യനെ വെറും മൃഗം എന്നേടത്തുനിന്നും സാമൂഹ്യ ജീവിയായ മനുഷ്യന്‍ എന്നേടത്തേക്കു വളര്‍ത്തുന്നത്. വിശപ്പു കലശലായ ഒരാള്‍ക്കു ചുറ്റും കാണുന്ന ഭക്ഷണസാധനങ്ങളോടൊക്കെ ആകര്‍ഷണവും ആര്‍ത്തിയും തോന്നും. പക്ഷെ തനിക്ക് അര്‍ഹതപ്പെട്ട ഭക്ഷണം ലഭിക്കുന്നതു വരെയും ഉചിതമായ ഒരവസരം വരെയും വിശപ്പ് എന്ന ജൈവിക ചോദനയെ നിയന്ത്രിച്ചു നിര്‍ത്താന്‍ മനുഷ്യനു കഴിയും, കഴിയണം! അല്ലാതെ ആരാന്റെ ഭക്ഷണം തട്ടിപ്പറിച്ചു തിന്നുകയല്ല പതിവ്. മലമൂത്ര വിസര്‍ജ്ജനത്തിനു മുട്ടിയാലും ഉചിതമായ ഒരു ഇടം കണ്ടെത്തും വരെ നമ്മള്‍ അതും നിയന്ത്രിക്കും . അല്ലാതെ മുട്ടിയേടത്തു വെച്ചു തന്നെ കാര്യം സാധിക്കാറില്ല അതൊക്കെയാണു ഒരു പരിഷ്കൃത ജന്തു എന്ന നിലയില്‍ നമ്മള്‍ ആര്‍ജ്ജിച്ച വര്‍ത്തനവ്യതിയാനങ്ങള്‍ .
ഇവിടെ സ്ത്രീകളുടെ ശരീരത്തിന്റെ മുക്കോ മൂലയോ കാണുമ്പോഴേക്കും ഞങ്ങള്‍ക്കു സഹിക്കാനും ക്ഷമിക്കാനും കഴിയുകേല, ഞങ്ങള്‍ ചാടിക്കയറിയങ്ങു പീഡിപ്പിച്ചു കളയും എന്നൊക്കെ ചില വിവേകശൂന്യര്‍ വിളിച്ചു കൂവുമ്പോള്‍ അതു സ്ത്രീ വിരുദ്ധം അല്ല, പുരുഷ വര്‍ഗ്ഗത്തെയാണിക്കൂട്ടര്‍ മൃഗങ്ങളാക്കി അവഹേളിക്കുന്നത് !! ഒരു പുരുഷന്‍ എന്ന നിലയില്‍ ഈ മാനക്കേടിനെതിരെ പ്രതിഷേധിക്കാതിരിക്കാനാവുന്നില്ല !!!"

മറുപടി:

മേല്‍ വാദത്തെ നമുക്ക് മൂന്നു പോയിന്റുകളിലായി സംഗ്രഹിക്കാം:
1. സ്ത്രീ-പുരുഷ ലൈംഗികാഘര്‍ഷണം പ്രകൃതിപരമാണ്. വിവസ്ത്രരായാല്‍ മാത്രമല്ല, വസ്ത്രം കൊണ്ട് മൂടിയാലും അതുണ്ടാവും. ശബ്ദം കേട്ടാല്‍ പോലും ലൈംഗികാഘര്‍ഷണം തോന്നും.
2. സഹജമായ ലൈഗികാഘര്‍ഷണത്തെ കയറൂരി വിടാതെ സ്വയം നിയന്ത്രിക്കാന്‍ പുരുഷന് സാധിക്കണം. വിശപ്പുള്ള വ്യക്തിക്ക് ചുറ്റും കാണുന്ന ആരാന്റെ ഭക്ഷണം എടുക്കാന്‍ അര്‍ഹതയില്ല. മലമൂത്രവിസര്‍ജ്ജനം നടത്താന്‍ മുട്ടിനില്‍ക്കുന്ന വ്യക്തി ഉചിതമായ ഒരു ഇടം കണ്ടെത്തും വരെ അത് നിയന്ത്രിക്കും. ഇതുപോലെ ഒരു സ്ത്രീയെ കാണുമ്പോള്‍ ലൈംഗികവികാരം വന്നാലും പിടിച്ചുനിര്‍ത്താനുള്ള കരുത്ത് പുരുഷന്‍ ആര്‍ജ്ജിക്കണം. 
3. സ്ത്രീശരീരത്തിന്റെ മുക്കോ മൂലയോ കാണുമ്പോഴേക്കും ഞങ്ങള്‍ക്ക് സഹിക്കാനോ ക്ഷമിക്കാനോ കഴിയില്ല, ഞങ്ങള്‍ കയറിയങ്ങു പീഡിപ്പിക്കും എന്ന് എന്ന് പുരുഷന് പറയാനോ പ്രവര്‍ത്തിക്കാനോ ന്യായമില്ല. ഇത് പുരുഷന് കൂടി മാനക്കേടുണ്ടാക്കുന്ന വാദമാണ്.
വാസ്തവത്തില്‍ ജബ്ബാര്‍ മാഷിന്റെ വാദത്തില്‍ വിമര്‍ശിക്കപ്പെടാന്‍ എന്തെങ്കിലുമുണ്ടോ? മേല്‍പറഞ്ഞ മൂന്നു പോയിന്റുകളും ശരിയല്ലേ? വിവരമുള്ള ആരെങ്കിലും -മതപക്ഷത്ത് നിന്നോ മതരഹിതപക്ഷത്ത് നിന്നോ- ഈ വാദങ്ങള്‍ തെറ്റാണ് എന്ന് പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല.

എന്നാല്‍ ഈ കാര്യങ്ങള്‍ അവതരിപ്പിച്ചതിലൂടെ അദ്ദേഹം ലക്‌ഷ്യമിട്ടത് എന്താണ് എന്നിടത്താണ് വിയോജിപ്പ്‌ വരുന്നത്. ആ ലക്‌ഷ്യം സാധിക്കുന്നതിനു വേണ്ടി അദ്ദേഹം ചില വസ്തുതകള്‍ മനപ്പൂര്‍വം അവഗണിച്ചു.  ഈ വിഷയത്തിന്റെ മറുവശം കാണാത്തതു പോലെ നടിച്ചു. 

നമുക്ക് ഈ മൂന്നു വാദങ്ങളെയും പ്രത്യേകം വിശകലനം ചെയ്യാം.

1. ഒന്നാമത് പറഞ്ഞ വാദത്തില്‍ അവഗണിക്കപ്പെട്ട ഒരു പ്രധാനവസ്തുതയുണ്ട്. ലൈംഗികാഘര്‍ഷണത്തിന്റെ തോതാണ് അത്. വിവസ്ത്രരായാലോ അര്‍ദ്ധനഗ്നരായാലോ തോന്നുന്ന ലൈംഗികാര്‍ഘഷണവും വസ്ത്രം മാന്യമായി ധരിച്ചു വരുന്ന സ്ത്രീയോട് തോന്നുന്ന ആഘര്‍ഷണവും ഒരേ അളവിലും രീതിയിലുമാണോ? ഒരിക്കലുമല്ല. പുരുഷനെ കൂടുതല്‍ പ്രലോഭിപ്പിക്കുന്നതും കാമചിന്തകള്‍ ഉണര്‍ത്തുന്നതും വിവസ്ത്രമായ ശരീരമോ അര്‍ദ്ധനഗ്ന ശരീരം കാണുമ്പോഴോ ആണ്. അവിടെ തന്നെയാണ് മാന്യമായ വസ്ത്ര ധാരണത്തിന്റെ പ്രസക്തിയും. സിനിമയിലും പരസ്യത്തിലുമൊക്കെ സ്ത്രീയുടെ ഉടല്‍ ഏറ്റവും സെക്സിയായി അവതരിപ്പിക്കുന്നതിന്റെ കാരണവും ഈ ഇക്കിളിപ്പെടുത്തലാണ്. ഒരു വിശദീകരണം പോലും ആവശ്യമില്ലാത്ത വിധം സമൂഹത്തില്‍ നാം കണ്ടുവരുന്ന യഥാര്‍ത്ഥ്യമാണത്. 

വീടിന്റെ വാതില്‍ തുറന്നിട്ടാലും അടച്ചിട്ടാലും കള്ളന്മാര്‍ക്ക് മോഷണത്തിനുള്ള പ്രേരണ വരും. പക്ഷെ തുറന്നിട്ടാലാണോ അടച്ചിട്ടാലാണോ അവര്‍ക്ക് കൂടുതല്‍ പ്രലോഭനം വരിക? ഏതിലാണ് വീട്ടുകാര്‍ക്ക് സുരക്ഷ കൂടുതല്‍? ജബ്ബാറിയന്‍ യുക്തിവെച്ചു രണ്ടും സമമായി കാണാന്‍ വിവരമുള്ളവര്‍ മുതിരുമോ? വാതില്‍ തുറന്നിടുമോ?

2. ഒരു സ്ത്രീ മാന്യതയില്ലാത്ത വസ്ത്രം ധരിച്ചു നടന്നാലും സ്വയം നിയന്ത്രിക്കാന്‍ പുരുഷന് കഴിയണം. അതിലാണ് അയാളുടെ മഹത്വം. ആര്‍ക്കും ഇതില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലാ പുരുഷന്മാരും ഇങ്ങനെ ചിന്തിച്ചു മാറിനടക്കും എന്ന് കരുതാന്‍ പറ്റില്ലല്ലോ. സമൂഹത്തെ പറ്റി കുറച്ചു യഥാര്‍ത്യബോധം കൂടി നമുക്ക് വേണ്ടേ?

എന്തിനാണ് ഓരോ രാജ്യത്തും ക്രിമിനല്‍ നിയമങ്ങളും പോലീസും മറ്റ് സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്? എല്ലാ മനുഷ്യരോടും നിങ്ങള്‍ കുറ്റം ചെയ്യാതെ സ്വയം നിയന്ത്രിക്കൂ എന്ന് പറഞ്ഞു മറ്റൊന്നും ചെയ്യാതെ മാറി നില്‍ക്കുകയാണോ ഭരണാധികാരികള്‍ ചെയ്യേണ്ടത്? കുറ്റകൃത്യങ്ങളും കുറ്റവാളികളും സമൂഹത്തിലെ യഥാര്‍ത്ഥ്യമാണ്. നിയമനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതോടൊപ്പം സുരക്ഷക്ക് വേണ്ടിയുള്ള സംവിധാനങ്ങളും ശിക്ഷാനിയമങ്ങളും ഓരോ രാജ്യത്തിനുമുണ്ട്. 

ഇതുപോലെയാണ് സ്ത്രീ വസ്ത്രധാരണത്തിന്റെ കാര്യത്തിലും ചെയ്യേണ്ടത്. പുരുഷന്മാര്‍ സ്വയം നിയന്ത്രിക്കുക, എങ്കിലും അങ്ങനെ നിയന്ത്രിക്കാത്തവര്‍ ഉണ്ടാകും എന്ന യഥാര്‍ത്ഥ്യം മനസ്സിലാക്കി സ്ത്രീകള്‍ മാന്യമായ നിലക്ക് വസ്ത്രം ധരിക്കുക.

"സ്ത്രീ പുറത്തിറങ്ങുന്നത് കൊണ്ട് പീഡനം നടക്കുന്നു. അതിനാല്‍ ഇനിമുതല്‍ സ്ത്രീകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടണം എന്ന് നിങ്ങള്‍ വാദിക്കുമോ?" മാന്യമായ വസ്ത്രധാരണത്തിനോട് അലര്‍ജ്ജിയുള്ളവരുടെ ചോദ്യമാണിത്. 

വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണം എന്ന് യാത്രക്കാരന് നിര്‍ദേശം നല്‍കുന്നു. പക്ഷെ അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ അയാള്‍ പറയുന്നു: "വാഹനങ്ങള്‍ റോഡില്‍ ഇറക്കുന്നത് കൊണ്ടാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. അതിനാല്‍ വാഹനങ്ങള്‍ വീട്ടില്‍ തന്നെ വെക്കണം എന്ന് നിങ്ങള്‍ വാദിക്കുമോ?"

ഈ വാദം പോലെയാണ് മേല്‍പ്പറഞ്ഞ വാദവും. സ്ത്രീക്ക് പുറത്തിറങ്ങലും യാത്ര ചെയ്യലും ആവശ്യമുള്ള കാര്യമാണ്. വാഹനങ്ങള്‍ ഉപയോഗിക്കല്‍ ആവശ്യമാണ്‌ എന്നത് പോലെ. എന്നാല്‍ അര്‍ദ്ധനഗ്നത കാണിക്കണം എന്നത് ഒരു ആവശ്യമാണോ? അല്ലെന്നു മാത്രമല്ല, അപകടം കൂടിയാണ്. ട്രാഫിക് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടം പറ്റും എന്നത്പോലെ. 

3. പ്രലോഭിപ്പിക്കും വിധമുള്ള വസ്ത്രധാരണം കണ്ടു ഒരാള്‍ സ്ത്രീയെ കയറിപ്പിടിക്കുന്നത് തെറ്റ് തന്നെയാണ്. അവളുടെ വസ്ത്രധാരണം കൊണ്ടാണ് ഞാനവളെ കയറിപ്പിടിച്ചത്‌, അതിനാല്‍ ഞാന്‍ നിരപരാധിയാണ് എന്ന അയാളുടെ ന്യായീകരണവും തെറ്റ്.


അതേസമയം ഇത്തരം മനോരോഗികളെ പ്രലോഭിപ്പിക്കും വിധമുള്ള വസ്ത്രം ധരിച്ചതാണ് തന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കാനുള്ള ഒരു കാരണം എന്ന് ആ സ്ത്രീ ഓര്‍ക്കണം. ഞാന്‍ സെക്സിയായി നടക്കും, നിങ്ങള്‍ സ്വയം നിയന്ത്രിച്ചുകൊള്ളണം എന്ന് വാദിക്കുന്നത് ഒരിക്കലും ശരിയല്ല. ആണും പെണ്ണും ഒരുപോലെ മാന്യത കാണിക്കണം എന്നാണ് മതത്തിന്റെ കാഴ്ചപ്പാട്. ഇത് സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും പ്രശ്നമല്ല, സുരക്ഷയുടെ പ്രശ്നമാണ്. 

"ഞാന്‍ എനിക്ക് തോന്നിയ പോലെ റോഡില്‍ വാഹനം ഓടിക്കും. അതെന്റെ സ്വാതന്ത്ര്യമാണ്. അതുമൂലം എന്നെ മറ്റു വാഹനങ്ങള്‍ വന്നു ഇടിക്കുന്നത് ശരിയല്ല." എന്ന് ഒരുത്തന്‍ വാദിച്ചാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? "മറ്റുള്ളവര്‍ മാത്രമല്ല, നിങ്ങളും ട്രാഫിക് നിയമങ്ങള്‍ പാലിക്കണം. റോഡിലെ സുരക്ഷക്ക്  എല്ലാവരും നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്" എന്നായിരിക്കില്ലേ വിവരമുള്ളവരുടെ മറുപടി?


3 comments:

  1. മറുപടി നന്നായി

    ReplyDelete
  2. സൂക്ഷിക്കണം....... ആണും പെണ്ണും!

    ReplyDelete

ഇനി നിങ്ങളുടെ ഊഴം